കാസര്‍കോട്: പോലിസ് വാഹന പരിശോധനക്കിടേ ബൈക്കില്‍ നിന്ന് ഇറങ്ങിയ എം.ബി.എ വിദ്യാര്‍ഥി കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയ 50 ഓളം പേര്‍ക്കെതിരേ കേസ്. അനുവാദമില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും റോഡില്‍ മാര്‍ഗ തടസമുണ്ടാക്കിയെന്നുമുള്ള കാരണത്താലാണ് ഖാദര്‍ കരിപ്പോടി, ഷരീഫ്, നിസാര്‍ തുടങ്ങിയ 50 ഓളം പേര്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പോലിസ് കേസെടുത്തത്. ശനിയാഴ്ച പുലര്‍ച്ചേ രണ്ടരയ്ക്കാണ് സുഹൈല്‍ എന്ന വിദ്യാര്‍ഥി വാഹനപകടത്തില്‍ പരിക്കേറ്റത്.
പിന്നീട് അന്നു രാത്രിയില്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ വച്ച് വിദ്യാര്‍ഥി മരിച്ചിരുന്നു. വാഹന പരിശോധനയ്ക്കായി ബൈക്ക് നിര്‍ത്തിയതിന് പിന്നില്‍ അമിതവേഗതയിലെത്തിയ കാറിടിച്ചാണ് സുഹൈലിനു ഗുരുതര പരിക്കേറ്റത്. റോഡില്‍ തന്നെ പോലിസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടേയാണ് അപകടം. പോലിസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് യുവാക്കള്‍ പ്രകടനം നടത്തിയത്. അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഇബ്രാഹീമിന്റെ മകനാണ് മംഗളൂരുവിലെ വിദ്യാര്‍ഥിയായ സുഹൈല്‍.