ബോവിക്കാനം: പൊവ്വല്‍ മാസ്തികുണ്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട ആദൂര്‍ തെരുവത്ത് ഹൗസ്സിലെ എകെ.എസ്.എസ് ആറ്റക്കോയ തങ്ങളുടെ മൃതദേഹം ഇന്നു ഖബറടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആദൂര്‍ ജുമാമസ്ജിദിലാണ് ഖബറടക്കുക. വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആദൂരിലെക്ക് പോവുകയായിരുന്ന ആറ്റക്കോയ തങ്ങളുടെ ബൈക്ക് മാസ്തിക്കുണ്ടിലെ ഷെരീഫിന്റെ (36) ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റക്കോയ തങ്ങളുടെ മക്കളായ സാജിദയും, ശബീബയുമാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍.

ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ആറ്റക്കോയ തങ്ങള്‍ മരണപ്പെട്ടത്. നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു തങ്ങള്‍. ആറ്റക്കോയ തങ്ങളുടെ മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭാര്യ: സെറീന, മറ്റു മക്കള്‍ സജാദ്, സല്‍മാന്‍, നിയാല്‍, ഹസീന.
