
ന്യൂഡല്‍ഹി: ഇന്നലെ നടന്ന തുഷാർ വെള്ളാപ്പള്ളിയുമായുള്ള ചർച്ചകൾക്ക് ശേഷം ബി. ജെ. പി സംസ്ഥാന നേതൃത്വം കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക കൈമാറിയെങ്കിലും കേന്ദ്ര നേതൃത്വം ഇന്ന് പരിഗണിക്കാൻ ഇടയില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവർ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പനാജിയിലേക്ക് പോകുന്നതിനാലാണ് പട്ടിക പരിഗണിക്കാന്‍ ഇടയില്ലാത്തത്.
അതിന് ശേഷം വൈകിട്ടോടെ തിരിച്ചെത്തിയാലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കേരളത്തിന്‍റെ പട്ടിക പരിഗണിക്കാൻ സാധ്യത കുറവാണ് എന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനാണ് പാർട്ടി ഇപ്പോൾ മുൻഗണന നൽകുന്നത്. ഇഷ്ടമണ്ഡലം ലഭിക്കാത്ത പല പ്രമുഖരും മത്സരിക്കില്ലെന്ന നിലപാട് എടുത്തത്തോടെ പട്ടികയിൽ കാര്യമായ അഴിച്ചുപണിയും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

അതുകൊണ്ട് തന്നെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള ബി. ജെ. പിയിലെ അനിശ്ചിതത്വം തുടരുകയാണ്. നിലവിലുള്ള പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മണ്ഡലങ്ങൾ ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് കൂടുതൽ നേതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. കേരളത്തില്‍പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്നായിരുന്നു ആദ്യധാരണ.
എന്നാൽ ഒടുവില്‍ ആറ്റിങ്ങലിലേക്ക് മാറണമെന്ന് നിർദ്ദേശം ഉയർന്നപ്പോൾ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയാണ് ശോഭാ സുരേന്ദ്രൻ. കോഴിക്കോട് ഇല്ല എങ്കില്‍ മത്സരിക്കാനേ ഇല്ലെന്ന നിലപാടിലാണ് എം.ടി രമേശ്. ഗ്രൂപ്പ് സമവാക്യങ്ങൾ ചേരാത്തതിന്‍റെ അനിശ്ചിതത്വം വേറെ. സംസ്ഥാനത്തെ മുൻ നിര നേതാക്കളെല്ലാം ഇടഞ്ഞതോടെ തീരുമാനം എടുക്കാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര നേതൃത്വം.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ ആരെല്ലാം മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം രാജശേഖരന്‍ പത്തനംതിട്ട സീറ്റിൽ തർക്കമില്ലെന്നും പറയുന്നു. ആലപ്പുഴയിലാകട്ടെ കെ. എസ് രാധാകൃഷ്ണൻ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ ധാരണ. കുമ്മനം രാജശേഖൻ തിരുവനന്തപുരത്തും പി. സി തോമസ് കോട്ടയത്തും മത്സരിക്കുമെന്ന് ധാരണ ആയത് ഒഴിച്ച് നിര്‍ത്തിയാൽ സമ്പൂര്‍ണ്ണ അനിശ്ചിതത്വമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നിലനിൽക്കുന്നത്.
