
ന്യൂഡല്‍ഹി: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ചലച്ചിത്രതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ തെളിയുന്നു. ഇതിനായി സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍, സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നുവരുന്നുണ്ട്. ഈ കാര്യവും അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി മത്സരിക്കുന്ന കാര്യത്തില്‍ ഇന്നോ നാളെയോ അമിത് ഷാ പ്രഖ്യാപനം നടത്തും. നിലവില്‍ സുരേഷ് ഗോപി തൃശ്ശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ വ്യാഴാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

ബി.ഡി.ജെ.എസ്സിനായിരുന്നു തൃശൂര്‍ സീറ്റ് ബി.ജെ.പി നല്‍കിയിരുന്നത് എങ്കിലും അവിടെ മത്സരിക്കാന്‍ തയ്യാറെടുത്ത തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ അവിടേക്ക് മാറി. ഇതോടെയാണ് ബി.ഡി.ജെ.എസ്സില്‍ നിന്ന് ബി.ജെ.പി തൃശൂര്‍ സീറ്റ് എറ്റെടുത്തത്.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു. അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
