തിരുവനന്തപുരം: ബാങ്ക് ലയനത്തിന്റെ തുടര്‍ച്ചയായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം നേരത്ത തന്നെ പൂട്ടിക്കഴിഞ്ഞു. ഇനി അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടുമെന്ന് അധികൃതര്‍. ലയനത്തോടെ 197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏപ്രിലില്‍ എസ്.ബി.െഎ.-എസ്.ബി.ടി. ലയനം പൂര്‍ത്തിയായെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. എതിര്‍പ്പ് ഭയന്നാണ് അന്ന് ശാഖകള്‍ പൂട്ടാതിരുന്നത്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്. ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖ പൂട്ടും. പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേക്ക് മാറ്റും. ജീവനക്കാരെയും പുനര്‍വിന്യസിക്കും. എസ്.ബി.ടി.ക്കും എസ്.ബി.ഐ.ക്കും ഒരേ സ്ഥലത്തുതന്നെ ശാഖകള്‍ ഉണ്ടെങ്കില്‍ ഇവയിലൊന്ന് നിര്‍ത്തലാക്കാനാണ് തീരുമാനം. രണ്ടു ശാഖകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍, നിലനിര്‍ത്തുന്ന ശാഖയില്‍ സ്ഥലസൗകര്യമില്ലെങ്കില്‍ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ടു മാറ്റും.
പല സ്ഥലങ്ങളിലും ഇതിനായി കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്. സംസ്ഥാനത്താകെ നൂറിലേറെ ശാഖകളാണ് ഇത്തരത്തില്‍ നിര്‍ത്തലാക്കാന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 44 എണ്ണം തൊട്ടടുത്ത ശാഖകളില്‍ ലയിപ്പിച്ചുകഴിഞ്ഞു. ചെറുകിട പട്ടണങ്ങളിലും ഗ്രാമീണമേഖലയിലും രണ്ടു ശാഖകളും നിലനിര്‍ത്താന്‍ ജനപ്രതിനിധികളുടെ സമ്മര്‍ദം ഉണ്ടാവുന്നുണ്ട്. എന്നാല്‍, ഒരു സ്ഥലത്ത് രണ്ടുശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്ത അധികച്ചെലവാണെന്നാണ് ബാങ്കിന്റെ നിലപാട്. എന്നാല്‍ ശാഖ പൂട്ടിയാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന ശാഖയില്‍ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കുമൊക്കെ ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാട് തുടരാം.
ബാങ്ക് ലയനം പാരയായി; എസ്.ബി.ഐ കേരളത്തിലെ ശാഖകള്‍ പൂട്ടേണ്ട ഗതികേടില്‍