Categories
entertainment news

വിദേശികള്‍ക്ക് കേരളത്തിൽ ഇപ്പോള്‍ ലഭിക്കുന്ന അവഗണ; പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍

അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്.

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കേരളത്തിലെത്തിയ വിദേശികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അവഗണ മോശമായി തുടരുന്നു. ഇതിനെതിരെ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതുന്നു. വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന അവസ്ഥ, ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കാതെ റോഡിലേക്കിറക്കിവിടുന്നു, തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നു. ഇറ്റലിക്കാരന് വാഗമണ്ണില്‍ ഹോട്ടലുകള്‍ ആരും മുറി കൊടുത്തില്ല. തുടര്‍ന്നാണ് സെമിത്തേരിയില്‍ ഉറങ്ങേണ്ടിവന്നത്.

ഒരു മരണ വാര്‍ത്ത പോലെ തന്നെ അത് വേദനിപ്പിച്ചു എന്ന് മോഹന്‍ലാല്‍ എഴുതുന്നു. തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടുന്ന എന്ന വാര്‍ത്തയും വേദനിപ്പിച്ചു. ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാന്‍ വരുന്നവരാണ്.

അവരോട് നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നത് നമ്മുടെ നാടിന്‍റെ സംസ്‌കാരമല്ല. ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനില്‍ പോയ ഒരാളെ പരിസരത്തുള്ളവര്‍ ചേര്‍ന്നു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവര്‍ കാണും.

ഈ പൂട്ടിയിട്ടവര്‍ക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാര്‍ക്കും ഒരുനിമിഷം കൊണ്ടു തടയാന്‍ പറ്റുന്നതല്ല. സമ്പത്തിന്‍റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോള്‍ മനസ്സിന്‍റെ അടുപ്പവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.

അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാല്‍ തടയാനാകുമോ? അവരില്‍ രോഗമുള്ളവര്‍ രോഗം പടര്‍ത്തിയാല്‍ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ബന്ധനസ്ഥരായവരാണ്.

ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പോലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിര്‍ത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസര്‍ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്.

ത്യാഗം എന്ന വാക്ക് അവര്‍ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവര്‍ക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ. ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി.

കാരണം, ഇതില്‍നിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയില്‍ അടച്ചിരിക്കുന്നവര്‍ക്കു ഭക്ഷണമെത്തിക്കുന്ന ആശാ വര്‍ക്കര്‍മാരും കുടുംബശ്രീക്കാരുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നാടിന്‍റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു.

മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോര്‍ക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങള്‍. നമുക്കോരോരുത്തര്‍ക്കും പറയാന്‍ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങള്‍ക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്‍റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്‍റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം…

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest