
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി. യു.എ.പി.എ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത കേരളം ഇപ്പോള്‍ നാഥനില്ലാ കളരിയായി മാറി. പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പോലീസാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അങ്ങനെ എങ്കില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നിനും കൊള്ളാത്തവനാണെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി.പി.എം പോലും പിണറായി വിജയനെ തള്ളിപ്പറയുന്ന അവസ്ഥയാണ്. യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നരേന്ദ്രമോദി ഭരണത്തിലെന്ന പോലെ പിണറായിയുടെ ഭരണത്തിലും രക്ഷയില്ലെന്നും കെ. മുരളീധരന് ആരോപിച്ചു.
കേരളത്തിന്റെ പോലീസ് തലപ്പത്ത് നരേന്ദ്രമോദിയുടെ അനുയായികളാണ്. അവര്‍ മോദിയുടെ നയം നടപ്പിലാക്കുന്നു. പിണറായി നോക്കി ഇരിക്കുന്നു. സ്വന്തം വകുപ്പിന് മേല്‍ അധികാരം നഷ്ടപ്പെട്ട പിണറായി വിജയന് സ്ഥാനമൊഴിയാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നും കെ. മുരളീധരന് കോഴിക്കോട് പറഞ്ഞു.
