തഞ്ചാവൂര്‍: തമിഴ്നാട് പ്രശസ്ത ഫുട്ബാള്‍ താരം ബൈക്കപകടത്തില്‍ മരിച്ചു. കാലിയ കുലോത്തുങ്കന്‍ (41) ണ് മരിച്ചത്. ജന്മനാടായ തഞ്ചാവൂരില്‍ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ പെരുമാളിന്റെ പുത്രനാണ്. തമിഴ്‌നാട് സ്വദേശിയാണ് പെരുമാള്‍. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുകെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളായിരുന്നു കാലിയ കുലോത്തുങ്കന്‍. തമിഴ്‌നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009-ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്.
ഉയരക്കുറവിനെ വേഗതകൊണ്ടും പന്തടക്കം കൊണ്ടും മറികടന്നിരുന്ന അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2003-ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളാകുമ്പോള്‍ ബൈചുങ് ബുട്ടിയ, ഒക്കൊരു, രാമന്‍, ഐ.എം വിജയന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007-ല്‍ പുതുതായി രൂപം കൊണ്ട മുംബൈ എഫ്.സി ഐ ലീഗ് ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്റെ പങ്ക് വളരെ വലുതായിരുന്നു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
പ്രശസ്ത ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു