
കാസർകോട്: പ്രളയാനന്തര കേരളത്തിൻ്റെ കാര്‍ഷിക പുനരുദ്ധാരണത്തിന് ആവേശം പകര്‍ന്ന് കാസര്‍കോടിൻ്റെ കാര്‍ഷിക മേഖലയ്ക്ക് ഊര്‍ജം പകരാന്‍ സി.പി.സി.ആര്‍.ഐ യില്‍ പുനര്‍നവ കാര്‍ഷിക മേളയ്ക്ക് തുക്കമായി. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ആത്മ കാസര്‍കോട്, ഐ.സി.എ.ആര്‍-കെ.വി.കെ, സി.പി.സി.ആര്‍.ഐ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെയും കാര്‍ഷിക പ്രദര്‍ശനത്തിൻ്റെയും ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയവരെ മന്ത്രി ആദരിച്ചു.

ജൈവ കൃഷി പദ്ധതി പ്രകാരം ഏറ്റവും മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള അവാര്‍ഡുകള്‍ എം രാജഗോപാലന്‍ എം.എല്‍.എ കൈമാറി. മേളയില്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അനിതാ കരുണ്‍ മുഖ്യപ്രഭാഷണം നടത്തി. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, മത്സ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കാര്‍ഷിക മേളയില്‍ കാര്‍ഷിക സമൃദ്ധിയുടെ നിറക്കാഴ്ചകളൊരുക്കി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ 60 ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മണ്ണൊലിപ്പ്, കൃഷി സ്ഥലത്തെ വന്യ മൃഗശല്യം തുടങ്ങി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കൃഷി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള കണ്ടുപിടിത്തങ്ങളും, 20 സ്വയം സഹായ സംഘങ്ങളുടെ വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ നഴ്‌സറികളും, ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ അലങ്കാര ചെടികളും വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മേളയില്‍ ഉണ്ട്.
വിവിധതരം നാടന്‍ വിത്തിനങ്ങളും ജൈവ കീടനാശിനിയുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പുഷ്പ ഫല സസ്യങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. ചെമ്പരത്തി ജ്യൂസ്, കൂണ്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിൻ്റെ ലൈവ് ഡമോസ്‌ട്രേഷനും ഉണ്ടാകും. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയിലുണ്ട്. ഈ മാസം 19 വരെ നടക്കുന്ന മേളയില്‍ രാവിലെ 10 മുതല്‍ രാത്രി 7.30 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ഈ ദിവസങ്ങളില്‍ കാര്‍ഷിക പ്രശ്‌നോത്തരി, മുഖാമുഖം, ചര്‍ച്ചകള്‍, സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

ഉദ്ഘാടന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസഫ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ലവ്ലി അഗസ്റ്റിന്‍, കൃഷി വിജ്ഞാന്‍ കേന്ദ്രം ഓഫീസര്‍ ഡോ. മനോജ് കുമാര്‍, എ.ഡി.ആര്‍- ആര്‍.എ.ആര്‍.എസ് പിലിക്കോട് കെ.എം സതീശന്‍, ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഷാന്റി അബ്രഹാം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ അശോക് കുമാര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
