
പ്രളയത്തില്‍ എല്ലാം തകര്‍ന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വിശപ്പകറ്റാന്‍ ജയിലുകളില്‍ നിന്ന് എത്തിക്കുന്നു ചപ്പാത്തിയും കറിയും. ചില ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ബിരിയാണി വിളമ്പാനും ഇവര്‍ക്കാകുന്നുണ്ട്. ഇന്നലെ അഞ്ചു ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജയിലില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങള്‍ എത്തിച്ചത്.

ജയില്‍ ഡിജിപി ഋഷിരാജ്സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ആവശ്യമായ ഭക്ഷണ പാക്കറ്റുകള്‍ നല്കി തുടങ്ങിയത്. ഓരോയിടത്തു നിന്നു ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചു ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്. കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ജില്ലാ- ഓപ്പണ്‍ ജയിലുകളില്‍ നിന്നുമുള്ള ഭക്ഷണ സാധനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നത്.
വെള്ളിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 10,000 ചപ്പാത്തിയും കറിയും തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 5,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയും എത്തിക്കാനായതായി ഋഷിരാജ്സിംഗ് പറഞ്ഞു. ഇന്നലെ തഹസില്‍ദാര്‍മാര്‍ അറിയിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചു ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനാണു നിര്‍ദേശം.
ഇന്നലെ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലെ ക്യാമ്പുകളിലാണ് ഭക്ഷണ സാധനങ്ങള്‍ വിതരണം നടത്തിയത്. കാസര്‍കോട് ചീമേനി തുറന്ന ജയിലില്‍ നിന്ന് ബിരിയാണി തയാറാക്കി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു.
