പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു; എങ്ങിനെയൊക്കെ ശ്രമിച്ചാലും തടയാനാവില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു; എങ്ങിനെയൊക്കെ  ശ്രമിച്ചാലും  തടയാനാവില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

എങ്ങിനെയൊക്കെ തടയാന്‍ ശ്രമിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് തടയാനാവില്ലെന്ന് ആവര്‍ത്തിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹൈദരാബാദില്‍ അറസ്റ്റിലായ ശേഷം ട്വിറ്റര്‍ വഴിയാണ് അദ്ദേഹം തന്‍റെ നിലപാട് ആവര്‍ത്തിച്ചത്. ഈ വൈകുന്നേരം ഷഹീന്‍ ബാഗിലെത്തുമെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്. ‘തെലങ്കാനയില്‍, സ്വേച്ഛാധിപത്യം അതിന്‍റെ ഉച്ചസ്ഥായിയിലാണ്, പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു, ആദ്യം ഞങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. പിന്നെ എന്നെ അറസ്റ്റ് ചെയ്തു.

പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി എന്നെ അവര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രീ, ഈ അപമാനം ബഹുജന്‍ സമൂഹം ഒരിക്കലും മറക്കില്ലെന്നോര്‍ക്കുക. താമസിയാതെ മടങ്ങി വരും’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി തെലങ്കാന പോലിസ് ഞങ്ങളെ ബലമായി വിമാനത്താവളത്തിലേക്ക് കൊണ്ടു പോകുകയാണ്’- എന്നാണ് അദ്ദേഹത്തിന്‍റെ മറ്റൊരു സന്ദേശം. ‘സുഹൃത്തുക്കളേ ജയ്ഭീം. ഈ വൈകുന്നേരം ഞാന്‍ സമരഭൂമിയായ ഷഹീന്‍ ബാഗിലേക്ക് വരികയാണ്’- എന്നും അദ്ദേഹം അറിയിക്കുന്നു.

പൗരത്വനിയമഭേദഗതിക്കെതിരെ ഹൈദരബാദില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്‌.ഹൈദരബാദിലെ ക്രിസ്റ്റല്‍ ഗാര്‍ഡനില്‍ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ഹൈദരബാദ് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്.

0Shares