കാസർകോട്: നിർധനർക്ക് ഏറെ സഹായകമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് നിരന്തരമായി വിവിധ നിർദ്ധേശങ്ങൾ നൽകുന്ന സർക്കാർ നടപടി ഗുണഭോക്താക്കൾക്ക് ഇരുട്ടടിയാകുന്നു. നേരത്തെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് ദിവസങ്ങൾക്ക് മുമ്പ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിധവ പെൻഷൻ വാങ്ങുന്ന 60 വയസ്സിന് താഴെ പ്രായമുള്ളവരും, അവിവാഹിത പെൻഷൻ വാങ്ങുന്നവരും പുനർവിവാഹം കഴിച്ചിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസർ നൽകുന്ന സാഷ്യപത്രം ഹാജരാക്കണമെന്നാണ് പുതിയ നിർദേശം.

അതെ സമയം മസ്റ്ററിംഗ് നടത്തിയ പലർക്കും ഇതുവരെ പെൻഷൻ വന്നിട്ടില്ല എന്ന പരാതിയുണ്ട്. ചിലർക്ക് രണ്ട് മാസത്തെ പെൻഷൻ തുകയും വരാൻ തുടങ്ങിയിട്ടുണ്ട്. ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രത്തിനായി വിധവകൾ പരക്കം പായുകയാണ്. സാക്ഷ്യ പത്രം ഹാജരാക്കത്തവർക്ക് തുടർ പെൻഷൻ ലഭിക്കുകയില്ല. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കുന്നിൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വായനശാലയിൽ ഇതിനായി ഹെൽപ്പ് ഡെസ്ക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെർസൺ ഫൗസിയ മുഹമ്മദ്, മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ. അരവിന്ദൻ, മാഹിൻ കുന്നിൽ, അംസു മേനത്ത്, നൗഷാദ്, ജിഷാദ്, സാക്കിർ ദിൽ ഖുഷ്, ഹിലാൽ, കെ.ബി.അബ്ദുല്ലക്കുഞ്ഞി, റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
