പെരിയ ചെക്കിപ്പളളത്തെ സുബൈദ വധം: പ്രതികള്‍ക്കെതിരെ കുറ്റപത്രം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പെരിയ ചെക്കിപ്പളളത്തെ സുബൈദ വധം: പ്രതികള്‍ക്കെതിരെ കുറ്റപത്രം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്ത് വയോധികയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെരിയ ചെക്കിപ്പള്ളത്തെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന സുബൈദ(68)യെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പിച്ചത്. കാസര്‍കോട് കുഞ്ചാര്‍ മധൂര്‍ കൊട്ടക്കണ്ണിയിലെ എ എം അബ്ദുള്‍ഖാദര്‍ എന്ന ഖാദര്‍ (26), സുള്ള്യ സ്വദേശിയും മധൂര്‍ കൊല്ല്യയില്‍ താമസക്കാരനുമായ എ എം അബ്ദുള്‍ അസീസ്(30), ബേള മന്യ ദേവറുകരയിലെ അബ്ദുള്‍ റഷാദ് എന്ന അറഷാദ്(29), മധൂര്‍ പട്ടല്‍കുതിരപ്പാടിയിലെ അബ്ദുള്‍ അസീസ് എന്ന ബേക്കല്‍ അസീസ്(23) എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് അന്വേഷിച്ച ബേക്കല്‍ സി.ഐ വിശ്വംഭരന്‍ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(രണ്ട്) യിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി 19ന് പകലാണ് നാടിനെ നടുക്കിയ കൊല നടന്നത്. മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന 28 ഗ്രാമോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യുകയായിരുന്നു. പിന്നീട് ഉടുത്തിരുന്ന പര്‍ദ കീറി മുഖത്ത് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൈയും കാലും തുണികൊണ്ട് വലിഞ്ഞുകെട്ടി മുറിയില്‍ തള്ളിയശേഷം കതക് പുറത്തുനിന്നും പൂട്ടിയാണ് കൊലയാളികള്‍ രക്ഷപ്പെട്ടത്. കൊല നടന്ന് ദിവസങ്ങളോളം തുമ്പൊന്നും ലഭിക്കാതിരുന്ന പോലീസ് ആഴ്ചകളോളം നടത്തിയ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കുരുക്കിയത്. വീടിനടുത്ത് താമസക്കാരനായ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന സുബൈദയെ അബ്ദുള്‍ ഖാദര്‍ പരിചയപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് വൃദ്ധയെ കൊല്ലാനും കവര്‍ച്ചയ്ക്കും പദ്ധതിയിട്ടത്. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം കാസര്‍കോട്ടെ ജ്വല്ലറിയില്‍ 1,18,000 രൂപക്ക് വില്‍പ്പന നടത്തിയത് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം, കവര്‍ച്ച, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

0Shares