പീതാംബരന്‍ കുറ്റിക്കോല്‍
കാസര്‍കോട്: സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപിക ജോലിയില്‍ തിരികെ പ്രവേശിച്ചു. പള്ളത്തടുക്ക എ.യു. പി. സ്‌കൂള്‍ അധ്യാപിക റോജയെയാണ് തിരിച്ചെടുക്കാന്‍ സ്‌കൂള്‍ മാനേജ്മന്റ് നിര്‍ബന്ധിതമായത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച റോജ തന്റെ സ്‌കൂള്‍ കുട്ടികള്‍ക്ക് വീണ്ടും അറിവ് പകര്‍ന്ന് നല്‍കിത്തുടങ്ങി. ഡിവിഷന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മന്റ് പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചു. കുമ്പള, പള്ളത്തടുക്ക എ. യൂ. പി. സ്‌കൂള്‍ അദ്ധ്യാപിക കെ. റോജയെ തിരിച്ചെടുക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാണ് സ്‌കൂള്‍ മാനേജരുടെ അപ്പീല്‍ തള്ളി ആദ്യം ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചത്. 2017 ഒക്ടോബര്‍ 30 നാണു സുപ്രീം കോടതി ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, ഉദയ് ഉമേഷ് ലളിത് എന്നിവരാണ് വിധി പ്രസ്താവം നടത്തിയത്. രാജ്യത്തെ പരമോന്നത കോടതിയുടെ സുപ്രധാന വിധിയോടെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ നീണ്ട ആറു വര്ഷങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്ക് ഫലം കണ്ടു.
2000 ജൂലൈ 12 നു നിയമനം കിട്ടിയ റോജയെ ഡിവിഷന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2009 ജൂലൈ 15 നാണു പുറത്താക്കിയത്. 2011 ഏപ്രില്‍ ഒന്നിന് ഇതേ സ്‌കൂളില്‍ കന്നഡ വിഭാഗത്തില്‍ ഒഴിവു വന്നെങ്കിലും കന്നഡ ഭാഷപരീക്ഷാ യോഗ്യത നേടിയ റോജയെ ഒഴിവാക്കി മറ്റൊരാളെ നിയമിക്കുകയായിരുന്നു. ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ ഇതേ സ്‌കൂളില്‍ തുടര്‍ന്ന് വരുന്ന ഒഴിവുകളില്‍ നിയമിക്കണമെന്ന ചട്ടം സ്‌കൂള്‍ മാനേജര്‍ ലംഘിച്ചു. മാനേജരുടെ പുതിയ അധ്യാപക നിയമനത്തെ അംഗീകരിക്കാത്ത സര്‍ക്കാര്‍ റോജയെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് സ്‌കൂള്‍ മാനേജര്‍ നടപ്പിലാക്കാത്തതിനെതിരെ റോജ 2011 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കുമ്പള എ.ഇ.ഒ യോട് നിര്‍ദേശിച്ചു. ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ പി. ഹരികുമാര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും റോജയെ അധ്യാപിക തസ്തികയില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെന്നായിരുന്നു 2014 ലെ കോടതി നിര്‍ദേശം. മാനേജര്‍ അനധികൃതമായി നിയമിച്ച അദ്ധ്യാപകന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. ആറുവര്‍ഷമായി ജോലിചെയ്യുന്ന തനിക്കു ശമ്പളം നല്‍കുന്നില്ലെന്നും ജോലി സ്ഥിരപ്പെടുത്താന്‍ ഉത്തരവുണ്ടാകണമെന്നും ആവശ്യപ്പെട്ടായിരുന്നു അധ്യാപകന്റെ ഹര്‍ജി.കന്നഡ മാതൃഭാഷയായിട്ടുള്ള റോജയ്ക്കു കന്നഡ ഭാഷയില്‍ മതിയായ യോഗ്യതയുണ്ട്. സ്‌കൂളിലെ അനധികൃത നിയമനം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും അര്‍ഹതപ്പെട്ട നിയമനത്തിന് നടപടികള്‍ സ്വീകരിയ്ക്കാതെ സ്‌കൂള്‍ മാനേജരെ സഹായിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചു ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചപ്പോഴാണ് മാനേജര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.അപ്പീല്‍ ഹൈക്കോടതി തള്ളി. സ്‌കൂള്‍ മാനേജര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2011 മാര്‍ച്ച് 31 നു വിരമിച്ച മറ്റൊരു അധ്യാപികയുടെ ഒഴിവിലേക്ക് റോജയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് മാനേജ്മന്റ് നടപ്പിലാക്കിയിരുന്നില്ല. ‘ഒടുവില്‍ കോടതി വിധിയിലൂടെയെങ്കിലും ജോലിയില്‍ പ്രവേശിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും, ഇനി മറ്റൊരാള്‍ക്കും അര്‍ഹതപ്പെട്ട ജോലിയുമായി ബന്ധപ്പെട്ട് ഇങ്ങനെ ദുരിതം അനുഭവിക്കേണ്ടി വരാതിരിക്കട്ടെയെന്നും’ അധ്യാപിക ചാനല്‍ ആര്‍.ബി ഡോട്ട്‌കോമിനോട് പറഞ്ഞു.