
കാസർകോട്: സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് നല്‍കി കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വേകാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. ജ്യോതി-2020 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ജ്യോതി-2020 ആവിഷ്‌കരിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം, വിദ്യാര്‍ത്ഥികളുടെ സുരക്ഷ, പഠന നിലവാരം എന്നിങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സമഗ്രമായി സ്പര്‍ശിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

പ്രഥമ ശുശ്രൂശ സേവനം എല്ലാവരിലേക്കുമെത്തിക്കുന്നതിനായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും. സ്‌കൂളുകളിലെ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഗണിതം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പാക്കിയാവും അടുത്ത ക്ലാസിലേക്ക് കൈപ്പിടിച്ചുയര്‍ത്തുക.
പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. വി പുഷ്പ, എസ്എസ്എ ജില്ലാ പ്രൊജക്ട് മാനേജര്‍ എ. കെ വിജയകുമാര്‍, ഹയര്‍സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി .എന്‍ ശിവന്‍, കാസര്‍കോട് വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ സരസ്വതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മദുസൂധനന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നൗഷാദ് അരീക്കോട്, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
