
വടകര: വടകരയില്‍ സി.പി.എമ്മിനെയും അതുവഴി പി. ജയരാജനെയും എതിരിടാന്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷത്തിന്‍റെ നീക്കം . ഇതിനുവേണ്ടി കെ.പി.സി.സി അധ്യക്ഷനും സിറ്റിംഗ് എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അണിയറ നീക്കങ്ങള്‍ ആരംഭിച്ചു . ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ഉണ്ടാകും. അതേസമയം, ബി. ജെ. പി വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഇതിനകം ഉറപ്പായി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ബി. ഡി. ജെ.എസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . എങ്കില്‍ തന്നെയും ജയരാജനെതിരെ കെ.കെ രമ മത്സരത്തിനിരങ്ങുമ്പോള്‍ നിര്‍ണായക തീരുമാനം ബി .ജെ. പി- ആര്‍.എസ്എസ് ഭാഗത്ത് നിന്നുണ്ടാകും .

അക്രമരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് വിഷയമാക്കി കേരളം മുഴുവന്‍ സി.പി.എമ്മിനെ നേരിടാനാണ് യു. ഡി. എഫ് ലക്ഷ്യമിടുന്നത് . കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍.എം.പിയുടെ മുതിര്‍ന്ന നേതാവുമായ കെ. കെ രമയെ വടകരയില്‍ യു. ഡി. എഫ് പിന്തുണയോടെ മത്സരിപ്പിക്കുക വഴി ഇരട്ട വെടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലക്ഷ്യമിടുന്നത് .
പി. ജയരാജന്‍ എന്നത് പൊതുശത്രുവായി മാറി കഴിഞ്ഞെന്നും ഇരയും വേട്ടക്കാരനുമായുള്ള മത്സരം വടകരയില്‍ നടന്നാല്‍ കേരളം മുഴുവന്‍ അതിന്‍റെ പ്രതിഫലനം ഉണ്ടാക്കാന്‍ കഴിയുമെന്ന് മുല്ലപ്പള്ളി തന്‍റെ വിശ്വസ്തരോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സീറ്റ് മോഹിക്കുന്ന ചില നേതാക്കള്‍ കെ. കെ രമയ്ക്ക് സീറ്റു നല്‍കുന്നത് ആത്മഹത്യ പരമാണെന്ന നിലപാടാണ് മുന്നോട്ട് വെക്കുന്നത് .
