തൃശ്ശൂര്‍: പാമ്പാടി നെഹ്രു എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവ് ഫൊറന്‍സിക് വിദഗ്ദര്‍ക്ക് ലഭിച്ചു. പാമ്പാടി നെഹ്രു കോളേജിലെ ഇടിമുറിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്ന പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്റെ ഒാഫീസ് മുറിയില്‍ നിന്നും ലഭിച്ച രക്തക്കറ ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പിലുള്ളത് തന്നെയാണെന്ന് തെളിഞ്ഞു. കൂടുതല്‍ സ്ഥിരീകരണത്തിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധിക്കും. ഇതോടെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാദം ശരിയാവുകയാണ്. എന്നാല്‍ എങ്ങനെയാണ് ജിഷ്ണുവിന്റെ രക്തം പി.ആര്‍.ഒയുടെ മുറിയിലെത്തിയതെന്ന കാര്യത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പി.ആര്‍.ഒയുടെ മുറിയില്‍ ജിഷ്ണു ക്രൂര മര്‍ദനത്തിന് ഇരയായിരുന്നെന്നും കോളേജില്‍ നടന്നത് ക്രൂര കൊലപാതകമായിരുന്നുവെന്നും പറയേണ്ടി വരും. അങ്ങനെ വന്നാല്‍ കേളേജ് മാനേജമെന്റിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കേണ്ടി വരും. ജിഷ്ണുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് നേരത്തെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

നെഹ്രൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, അദ്ധ്യാപകരായ സി.പി പ്രവീണ്‍, ഡിപിന്‍ എന്നിവരെ പ്രതിയാക്കി ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളില്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇത് പോലീസും പ്രതികളും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. പ്രതികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ അടകം പോലീസ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പോലീസിന് ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇതിനിടെ പ്രതികളെല്ലാവരും മുന്‍കൂര്‍ ജ്യാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചിരുന്നു. ഒന്നാം പ്രതി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ അറസ്റ്റില്‍ നിന്നും കൃഷ്ണദാസ് രക്ഷപ്പെട്ടു. മറ്റു പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതിയും തൃശ്ശൂര്‍ ജില്ലാക്കോടതിയും പരിഗണിച്ച് വരികയാണ്. ജാമ്യം ലഭിക്കാത്ത കാലത്തോളം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കും എന്നിരിക്കെ, ഇവരെ അറസ്റ്റ് വൈകിക്കുന്നത് ഒത്തുകളി വാദത്തെ ബലപ്പെടുത്തുന്നതാണ്.