കാസര്‍കോട്: കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ സസ്പെന്‍ഡുചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയായ പയ്യന്നൂര്‍ അന്നൂര്‍ കെ.സന്തോഷ് കുമാറിനെയാണു ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. നേരത്തെയും ഇത്തരം തട്ടിപ്പുനടത്തിയതായും പരാതിയുണ്ടായിരുന്നു. ജോലി കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ തവണകളായി പണം തിരിച്ചുകൊടുത്തു പരിഹരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിശദാന്വേഷണത്തിനു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. റദ്ദായ പൊലീസ് ഡ്രൈവര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം ആവശ്യപ്പെട്ടുവെന്നാണു കുറ്റം.
റാങ്ക് പട്ടികയുടെ കാലാവധി നവംബറില്‍ തീര്‍ന്നിരുന്നു. ഇതില്‍ നിയമനം ലഭിക്കാത്തവര്‍ കാലാവധി നീട്ടിക്കിട്ടുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കവേ, സന്തോഷ് ഇവരുടെ രഹസ്യയോഗം വിളിച്ചാണ് തട്ടിപ്പിനൊരുങ്ങിയത്. കാലാവധി ദീര്‍ഘിപ്പിച്ചു ജോലി വാങ്ങിത്തരാമെന്നും ജില്ലയില്‍ മുന്‍പും ഇത്തരത്തില്‍ പൊലീസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. ഇതിനായി പത്തുലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. അഡ്വാന്‍സായി കുറച്ചു തുക നല്‍കണമെന്നും ആവശ്യം ഉന്നയിച്ചു.