പാവപ്പെട്ടവരുടെ ആശ്രയമെന്ന് അവകാശപ്പെട്ട സർക്കാർ തന്നെ പത്തോളം കുടുംബങ്ങൾക്ക് ഭീഷണിയായിമാറി; കാസർകോട്ടെ കയ്യേറ്റമൊഴിപ്പിക്കലും വിവാദത്തിലേക്ക്

  • Post category:news
  • Reading time:2 mins read
You are currently viewing പാവപ്പെട്ടവരുടെ ആശ്രയമെന്ന് അവകാശപ്പെട്ട സർക്കാർ തന്നെ പത്തോളം കുടുംബങ്ങൾക്ക് ഭീഷണിയായിമാറി; കാസർകോട്ടെ കയ്യേറ്റമൊഴിപ്പിക്കലും വിവാദത്തിലേക്ക്

കാസർകോട് : കാസർകോട് ജില്ലയിലെ ചെങ്കള പഞ്ചായത്തിലെ പൈക്ക സാലത്തടുക്കയിലെ ജനങ്ങൾ ഇപ്പോൾ എങ്ങോട്ടുപോകുമെന്നറിയാതെ ഉഴലുകയാണ്. തങ്ങൾ പത്തുവർഷത്തിൽ അധികം കാലമായി താമസിക്കുന്ന സ്ഥലത്തുനിന്നും, വീട്ടിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഇറങ്ങിക്കൊടുക്കാൻ അധികാരികൾ പറഞ്ഞതിന്റെ നടുക്കത്തിലാണ് ഇവിടെയുള്ള ഇരുപതിലധികം കുടുംബം. ഇറങ്ങിക്കൊടുക്കാൻ പറയുകയും നിയമാനുസൃതം അതിനുള്ള നോട്ടീസും സാവകാശവും നൽകിയിരുന്നെങ്കിൽ തങ്ങൾ അതിനനുസരിച്ചു പ്രവർത്തിക്കുമായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.

എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വില്ലേജ് ഓഫീസ് അധികൃതർ ജനങ്ങളോട് ‘ഇത് സർക്കാർ ഭൂമിയാണെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഇറങ്ങണം എന്നുമായിരുന്നു. ഇത് പറയുക മാത്രമല്ല, സ്വന്തമായി സ്ഥലവും കേറിക്കിടക്കാന്‍ കൂരയുമില്ലാതെ സര്‍ക്കാര്‍ പുറമ്പോക്കില്‍ താമസിക്കുന്ന ഇവരുടെ പത്തോളം വീടുകളും , വീടിന്റെ ചുമരും തറകളും റവന്യു അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു.

തങ്ങൾ പുറമ്പോക്കിലാണ് താമസിക്കുന്നതെന്നും, ഈ ഭൂമി തങ്ങളുടെ സ്വന്തമല്ല എന്നും ആരെക്കാളും നന്നായി ഇവർക്കറിയാം. അതുകൊണ്ടു തന്നെ തങ്ങൾ താമസിക്കുന്ന ഭൂമി സ്വന്തമാക്കുവാൻ താലൂക്ക്/ വില്ലേജ് തലത്തിൽ അപേക്ഷയും ഇവർകൊടുത്തിട്ടുണ്ട്. ഭൂമിയില്ലാത്തവർക്ക് സർക്കാർ പതിച്ചുകൊടുത്ത ഭൂമിയോടു ചേർന്നാണ് പുറമ്പോക്കിൽ തല ചായ്ക്കാൻ ചെറിയ കൂരകൾ പണിതിരിക്കുന്നത്. തങ്ങളുടെ അപേക്ഷ സർക്കാർ പരിഗണിച്ചശേഷം തങ്ങൾക്ക് ലഭിക്കുന്ന ഭൂമി ഇത് തന്നെയാകും എന്നുള്ള പ്രതീക്ഷയിൽ ആണ് ഇവർ ഇവിടെ കഴിയുന്നതും. ചില കുടുംബങ്ങൾക്ക് താൽക്കാലിക വീട്ടുനമ്പരും വൈദ്യുത കണക്ഷനും വരെ ലഭ്യമായിട്ടുണ്ട്. ഇവിടെ തന്നെ ഭൂമി ലഭിച്ചില്ല എങ്കിൽ പകരം സംവിധാനം ഉപയോഗിച്ചുകൊണ്ട് മറ്റെവിടെയെങ്കിലും ഭൂമി ലഭിക്കുന്ന വരെ എങ്കിലും തല ചായ്ക്കാൻ ഒരിടം എന്ന നിലയിലാണ് ഈ കുടുംബങ്ങൾ ഇതിനെ കണ്ടിരുന്നത്.

സർക്കാർ ഭൂമി കയ്യേറിയെന്ന പേരിൽ പാവപ്പെട്ടവരെ കുടിയിറക്കുന്നത് സംബന്ധിച്ച് വിശദീകരണത്തിനായി ചാനൽ ആർ. ബി നെക്രാജേ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഒരാഴ്ചമുമ്പ് ജനങ്ങളോട് ഈ ഭൂമിയിൽ നിന്നും മാറേണ്ടിവരുമെന്ന് വാക്കാൽ പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി. എന്നാൽ നിയമപ്രകാരം നോട്ടീസ് നൽകിയിട്ടില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. കൈവശരേഖപോലും കൈയ്യിൽ ഇല്ല എങ്കിൽ വൈദ്യുതി ലഭിക്കില്ല എന്ന് വില്ലേജ് ഓഫീസർ സുദർശൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. തങ്ങൾ പൊളിച്ചത് ആൾതാമസം ഇല്ലാത്ത വീടുകളും നിർമ്മാണത്തിൽ ഇരിക്കുന്ന വീടുകളും ആണെന്നാണ് നെക്രാജേ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സത്യനാരായണൻ ചാനൽ ആർ.ബിയോട് പറഞ്ഞത്. എന്നാൽ, രാവിലെ പണിക്ക് പോയി വൈകിട്ട് തിരികെ വന്നപ്പോൾ തന്റെ വീട് ഇരുന്നിടത് മൺകൂനയും ജനലും വാതിലുകളും മാത്രമാണ് കണ്ടതെന്ന് അനുഭവസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.

ഈ വർഷം ജനുവരിമുതൽ വില്ലേജ് ഓഫീസർ ഇല്ലാതിരുന്ന നെക്രാജേ/ പാടി ഗ്രൂപ് വില്ലേജ് ഓഫീസിൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആണ് സ്ഥാനം വഹിച്ചിരുന്നത്. മുകളിൽ നിന്നുള്ള ഉത്തരവ് തങ്ങൾ നടപ്പാക്കുകയായിരുന്നു എന്ന് ഇദ്ദേഹം ചാനൽ ആർ.ബിയോട് പറഞ്ഞു. ഇന്നലെയാണ് പുതിയ വില്ലേജ് ഓഫീസർ ഇവിടെ ചുമതലയേൽക്കുന്നത്. ചൂരിപ്പള്ളം- സാലത്തടുക്കയിലെ കയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് തുടർ നടപടികൾ ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശം അനുസരിച്ചായിരിക്കും മുന്നോട്ട് പോവുക എന്നും ഇന്നലെ മാത്രം ചുമതലയേറ്റ താൻ ഈ വിഷയത്തെപ്പറ്റി പഠിക്കുന്നതേ ഉള്ളൂ എന്നും വില്ലേജ് ഓഫീസർ സുദർശൻ ചാനലിനോട് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കൽ നടന്ന പ്രദേശം സന്ദർശിച്ച സ്ഥലം എം.എൽ.എയായ എന്‍. എ നെല്ലിക്കുന്ന് പ്രദേശവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സംയുക്തസമരസമിതിയുടെ കൂടെ നെക്രാജേ വില്ലേജ് ഓഫീസ് ഉപരോധസമരത്തിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് വില്ലേജ് ഓഫീസറുടെ കൂടിക്കാഴ്ച നടത്തിയ എം.എൽ.എ, ഉന്നതങ്ങളിലെ ഉത്തരവാണ് കീഴുദ്യോഗസ്ഥർ നടപ്പാക്കുന്നത് എങ്കിൽ താൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

0Shares