പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ്. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജാണ്‌ ഇക്കാര്യം തുറന്ന് പറഞ്ഞത്.
കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നും ടി.ഒ സൂരജ് ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറുകാരന് 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. പലിശയില്ലാതെ പണം നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. മുന്‍കൂര്‍ പണം ആദ്യ നാല് ബില്ലില്‍ തന്നെ തിരിച്ചുപിടിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ 4 പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു സൂരജിൻ്റെ അറസ്റ്റ്. പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രോജക്‌ട്‌സിൻ്റെ എം.ഡി സുമിത് ഗോയല്‍, കിറ്റ്‌കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ അഡീഷനല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.

സുരാജിൻ്റെ ഈ സത്യവാങ്മൂലത്തിലൂടെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് വെട്ടിലായി. അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ എല്‍.ഡി.എഫ് നേരത്തെ ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് വരികയും സമരം നടത്തുകയും ചെയ്തിരുന്നു. അതേസമയം സൂരജിൻ്റെ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

0Shares