പാകിസ്താന്‍ നിറഞ്ഞെന്നു തോന്നുന്നു, അതുകൊണ്ടാകും ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞത്; ലജ്ജ തോന്നുന്നുവെന്ന് സംവിധായകന്‍ കമൽ

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്താന്‍ നിറഞ്ഞെന്നു തോന്നുന്നു, അതുകൊണ്ടാകും ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞത്; ലജ്ജ തോന്നുന്നുവെന്ന് സംവിധായകന്‍ കമൽ

പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ഗോപാലകൃഷ്ണന്‍റെ ഉദ്ദേശം ചീപ് പബ്ലിസിറ്റിയാകാമെന്ന് കമൽ പറഞ്ഞു. ഒരു മലയാളി അങ്ങനെ പറഞ്ഞതിൽ ലജ്ജ തോന്നുന്നു. അവരെ രാഷ്ട്രീയക്കാരായി കാണാൻ കഴിയില്ല. ക്രിമിനലുകളും രാജ്യദ്രോഹികളുമാണവരെന്നും കമൽ പറഞ്ഞു.

പാകിസ്താന്‍ നിറഞ്ഞെന്നു തോന്നുന്നു. അതുകൊണ്ടാകും ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞത്. ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്. അടൂരിനെ ആക്രമിക്കാൻ വിട്ട് കൊടുക്കില്ല. സിനിമാ ലോകം ശക്തമായി പ്രതിഷേധിക്കുമെന്നും കമൽ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ജയ് ശ്രീറാം വിളിപ്പിച്ചു ആൾക്കൂട്ട ആക്രമണം നടത്തുന്ന സംഘ്പരിവാറുകാരെ നിയന്ത്രിക്കണമെന്ന് അഭ്യർത്ഥിച്ചു അടൂർ ഗോപാലകൃഷ്ണൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ബി. ജെ. പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തു വന്നത്.

ജയ് ശ്രീറാം വിളിക്കുന്നത് സഹിക്കാൻ കഴിയില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ ചന്ദ്രനിലേക്ക് പോകണമെന്ന് ഗോപാലകൃഷ്ണൻ എഫ്. ബി പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമാണെന്ന് ഗോപാലകൃഷ്ണനുള്ള മറുപടിയായി അടൂർ പറഞ്ഞു. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടം മർദ്ദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

പുതിയ അവാർഡുകളൊന്നും കിട്ടാനില്ല. ചന്ദ്രനിലേക്ക് പോകുന്നതിൽ സന്തോഷമാണുള്ളതെന്നും അടൂർ പറഞ്ഞു. ആൾക്കൂട്ട ആക്രമണം നടത്തുന്നവരെ മുഴുവൻ വധശിക്ഷക്ക് വിധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares