കാസര്‍കോട്: കര്‍ണാടകയില്‍നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് എത്തിയ മലയാളിക്ക് വെടിയേറ്റു. പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. ഞായറാഴ്ച രാവിലെയാണ് കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യയില്‍ വെച്ച് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിശാന്തിനെ വെടിവച്ചത്. സംഭവത്തിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിശാന്തിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ നിശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിശാന്തിന് നേര്‍ക്ക് വെടിയുതിര്‍ക്കാനുണ്ടായ കാരണം എന്താണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
ഒരു പശുവിനെയും കിടാവിനെയുമായി വാഹനത്തില്‍ വരികയായിരുന്ന നിശാന്തിനെ കര്‍ണാടക സുളള്യ ഭാഗത്ത് വച്ച് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പശുവും കിടാവുമാണെന്ന് പറഞ്ഞെന്നും തുടര്‍ന്ന് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും നിശാന്ത് പറയുന്നു. കേസില്‍ ഉടന്‍ അന്വേഷണം നടത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പശുവിനെ വാങ്ങാന്‍ പോയ മലയാളിക്ക് വെടിയേറ്റു: ആക്രമണം നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍