കാസര്‍കോട്: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സ്വന്തം വീഴ്ച മറച്ചുവെയ്ക്കാനുള്ള രാഷ്ട്രീയ നാടകവുമായിട്ടാണ് പി.കരുണാകരന്‍ എം.പി രംഗത്ത് വരുന്നതെന്ന് ബി.ജെ.പി. നീലേശ്വരം-പള്ളിക്കര റെയില്‍വെ മേല്‍പാലം നിര്‍മ്മാണം ആവശ്യപ്പെട്ട് സ്ഥലം എം.പി പി.കരുണാകരന്‍ തുടങ്ങുമെന്ന് പറയുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരനാടകം മാത്രമാണ്. കഴിഞ്ഞ 13 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്നു സ്വന്തം വീട്ടുമുറ്റത്തെ മേല്‍പാലം നിര്‍മ്മിച്ച് യാത്രാ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത എം.പിയാണ് പി.കരുണാകരന്‍. സ്വന്തം പാര്‍ട്ടി പിന്തുണയ്ക്കുന്ന ഒന്നാം യുപിഎയുടെ കാലത്തും മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സാധിക്കാതെ കഴിവ്കേട് തെളിയിച്ചയാളാണ് ഇപ്പോള്‍ സമരവുമായി രംഗത്തു വരുന്നതെന്ന് ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് ആരോപിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ക്ക് പോലും കരുണാകരനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. ആയതിനാലാണ് സി.പി.എമ്മോ എല്‍.ഡി.എഫോ ഈ വിഷയത്തില്‍ സമരമേറ്റെടുക്കാന്‍ തയ്യാറാകാത്തത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മേല്‍പാലത്തിനു ആവശ്യമായിട്ടുള്ള പണം അനുവദിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. പണം ലഭിച്ചത് തന്റെ നേട്ടമായി വ്യാഖ്യാനിച്ച് കൂറ്റന്‍ പ്രചരണ ഫ്‌ളക്സുകള്‍ സ്ഥാപിച്ച എം.പി.ക്ക് ഇപ്പോള്‍ ജനങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടിരിക്കുകയാണ്.
മേല്‍പ്പാല നിര്‍മ്മാണ വിഷയത്തില്‍ അടുത്തു തന്നെ നടക്കാന്‍ പോകുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ എം.പി.ക്കെതിരെ ശക്തമായ എതിര്‍പ്പും വിമര്‍ശനങ്ങളും പ്രതിഷേധവുമുയരുമെന്ന് മുന്‍കൂട്ടി കണ്ട് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിപ്പോള്‍ കരുണാകരന്‍ നടത്തുന്നതെന്ന് കെ.ശ്രീകാന്ത് പറഞ്ഞു. മേല്‍പ്പാലം നിര്‍മ്മാണം വെക്കുന്നതില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ ഒരു പോലെ ഉത്തരവാദികളാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ശ്രീകാന്ത് കൂട്ടി ചേര്‍ത്തു.
