പതിനേഴാം ലോക്‌സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ന് നിശബ്ദ പ്രചരണം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പതിനേഴാം ലോക്‌സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ന് നിശബ്ദ പ്രചരണം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭാഗമാകാന്‍ സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക് തിരിക്കും. ഇന്നലെ പരസ്യപ്രചരണം അവസാനിച്ചതോടെ ഇന്ന് മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചരണത്തിലായിരിക്കും. അവസാന ഘട്ടത്തിലും വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍. അതേസമയം, പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പോലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്.

പതിനേഴാം ലോക്‌സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. രണ്ട് കോടി 61 ലക്ഷം വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. 24,970 പോളിംഗ് ബൂത്തുകളുമുണ്ട്. ഇതില്‍ 831 എണ്ണം പ്രശ്‌നബാധിത ബൂത്തുകളും 359 എണ്ണം തീവ്ര പ്രശ്‌ന സാധ്യതാ ബൂത്തുകളുമാണ്. 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 58,138 പോലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര പോലീസ് സേനയായ സി.ഐ.എസ്എഫ്, സി.ആര്‍.പി.എഫ്, ബി.എസ്എഫ് ജവാന്മാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല വഹിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും 2000 പോലീസുകാരെയും കര്‍ണാടകയില്‍ നിന്നും 1000 പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കുന്നുണ്ട്. പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരാണുള്ളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളും പോളിംഗിനായി എത്തിച്ചിട്ടുണ്ട്. 149 കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 257 സ്‌ട്രോംഗ് റൂമുകളും സജ്ജമാക്കും.

0Shares