എറണാകുളം: പിറവത്ത് ഒറ്റമുറി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. ഭർത്താവുമായി അകന്നുകഴിയുന്ന അമ്മയ്ക്കും നാല് കുട്ടികൾക്കും നേരെയാണ് ആക്രമണം. ആക്രമണത്തിൽ പൊള്ളലേറ്റ മുട്ടമലയില്‍ സ്മിത (40), മക്കളായ നെവിന്‍ (14), സ്മിജ (13), സിമ്‌ന (12), സിമ്‌നു (നാല്) എന്നിവര്‍ ആശുപത്രയിൽ ചികിത്സയിലാണ്. മുഖത്തും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോൾ ഇവർ ചികിത്സയിലുള്ളത്. ഒരു കുട്ടിയുടെ കണ്ണില്‍ ആസിഡ് വീണതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാനും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ സ്മിതയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ഇയാൾ. നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണ് സ്മിതയുടെ താമസം. ബുധനാഴ്ച പകല്‍ സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന കിടക്കയ്ക്ക് ആരോ തീയിട്ടിരുന്നു. വീടിനകത്ത് എത്തിയപ്പോഴേക്കും മെത്ത പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മക്കളോടൊപ്പം നിലത്ത് പായ വിരിച്ചാണ് രാത്രിയില്‍ കിടന്നുറങ്ങിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ ജനാലയിലൂടെ ദേഹത്തേക്ക് വെള്ളം വീഴുന്നതായി തോന്നിയത്. പിന്നീട് ശരീരം പൊള്ളി തുടങ്ങിയപ്പോഴാണ് അത് ആസിഡ് ആണെന്ന് മനസ്സിലായത്. ഇത് കരുതിക്കൂട്ടിയ അക്രമണമാണെന്നും സ്മിത പറഞ്ഞു.