
ഇന്നലെ ദേശീയപണിമുടക്കിനിടെ സമരാനുകൂലികള്‍ നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് ചോദിച്ചു. അതേസമയം, സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നിവരാണ് പിടിയിലായത്. എന്നാല്‍ താന്‍ കേരളത്തെ ഇഷ്ടപ്പെടുന്നു എന്നും വിവാദത്തിന് താല്‍പര്യമില്ലെന്നും സംഭവത്തില്‍ പരാതിയില്ലെന്നും മൈക്കല്‍ ലെവിറ്റ് വ്യക്തമാക്കി.

കുമരകത്തിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു മൈക്കല്‍ ലെവിറ്റും ഭാര്യയും ഇതിനിടെ ആയിരുന്നു അവര്‍ സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ വച്ച് ചില സമരാനുകൂലികള്‍ തടഞ്ഞത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ കായലിന് നടുവില്‍ കുടുങ്ങി. അതേസമയം വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് വാക്കുണ്ടായിരുന്നെങ്കിലും അത് മറികടന്നാണ് സമരാനുകൂലികള്‍ തടഞ്ഞിട്ടത്.
2013ല്‍ കെമിസ്ട്രിയില്‍ നൊബേല്‍ സമ്മാനം നേടിയ ലിത്വാനിയന്‍ സ്വദേശിയാണ് മൈക്കല്‍ ലെവിറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച അദ്ദേഹം കിങ്‌സ് കോളേജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.
