മാഹി: അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലൂടെ 2018-19 വര്‍ഷത്തിലെ കുട്ടികകള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടി ഗ്രാമസഭ സംഘടിപ്പിച്ചു. മാഹി റെയില്‍വെ സ്റ്റേഷന്റെ ചാരങ്കയ്യില്‍ വി.സി.ബിക്ക് പരിസരത്ത് വച്ച് നടന്ന കുട്ടികളുടെ ഗ്രാമസഭ വടകര ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് റീന രയരോത്ത്, സുധ മാളിയേക്കല്‍, മഹിജ തോട്ടത്തില്‍, കെ.വി.സലാം മാസ്റ്റര്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അറിയിച്ചു.
വ്യത്യസ്ത വിഷയങ്ങളില്‍ കുട്ടികള്‍ ആശയങ്ങള്‍ പങ്ക് വെച്ചു. അനാമിക, അനുനന്ദന, ശിവഗംഗ, ഫാത്തിമ ഷെറിന്‍ എന്നീ കുട്ടികള്‍ ഗ്രാമസഭ നിയന്ത്രിച്ചു. പ്ലാസ്റ്റിക്കിന്റെ വിനാശകരമായ ഉപയോഗം കുടിവെള്ള സ്രോതസുകളുടെ അനിയന്ത്രിതമായ മലിനീകരണം പ്രകൃതി നശിപ്പിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍, യാത്ര പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഗ്രാമസഭയില്‍ ചര്‍ച്ച വിഷയമായി. കുട്ടികള്‍ക്ക് വേണ്ടി മുത്തശ്ശിയോട് ചോദിക്കാം, ഒന്നാംക്ലാസ് ഒന്നാം തരമാക്കല്‍, മഴ നടത്തം, സ്‌കൂളുകളില്‍ ഔഷധ ചെടി വിതരണം, കുട്ടികൃഷി എന്നീ നൂതന പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുമെന്ന് യോഗത്തില്‍ അധികൃതര്‍ ഉറപ്പ് നല്‍കി.
ഗ്രാമസഭയില്‍ റൈറ്റ് ചോയ്‌സ് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനവും ഉണ്ടായി.