
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടക്കും. പ്രതികളെ തൂക്കിക്കൊല്ലാനായി ദില്ലി പട്യാലഹൗസിലെ വിചാരണക്കോടതി പുതിയ മരണവാറണ്ടുകൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലണം.
ഇതുമായി ബന്ധപ്പെട്ട് പ്രതികൾ കോടതിയിൽ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിചാരണക്കോടതി പുതിയ മരണവാറണ്ടുകൾ പുറപ്പെടുവിച്ചത്. വിധിയിൽ സന്തോഷമുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതികളെ തൂക്കിലേറ്റിയെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണെന്നും നിർഭയയുടെ അമ്മ പ്രതികരിച്ചു.

ഇതിന് മുമ്പ് രണ്ട് തവണ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22-നും ഫെബ്രുവരി 1-നുമായിരുന്നു ഇത്. എന്നാൽ പ്രതികൾ ദയാഹർജി നൽകാനുണ്ടെന്നും, ദയാഹർജിക്കെതിരെ വാദിക്കാനുണ്ടെന്നും, പ്രായപൂർത്തിയായിട്ടില്ലെന്നും, ജയിലിൽ പീഡനം അനുഭവിക്കേണ്ടി വന്നെന്നും അങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്പ്പിച്ചു.
ഏറ്റവുമൊടുവിൽ, ദില്ലി ഹൈക്കോടതി ഇടപെട്ട്, പ്രതികൾക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12-നകം പൂർത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹർജികളൊന്നും നൽകരുതെന്നും നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നൽകിയ ഹർജിയിലാണ് ദില്ലി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹർജികളൊന്നും നൽകാൻ അവസരമുണ്ടാകില്ലെന്നും വിധിച്ചു. ഇതനുസരിച്ച് പ്രതികൾ നൽകിയ ഹർജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ദില്ലി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
