
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മ്മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഡാം പൊളിച്ചുമാറ്റാന്‍ 2015ല്‍ മലപ്പുറം കളക്ടര്‍ ടി. ഭാസ്‌ക്കരനും ഉത്തരവിട്ടിരുന്നു. മൈനിങ് ജിയോളജി വകുപ്പിന്റെ അടക്കം അനുമതികളൊന്നുമില്ലാതെയായിരുന്നു കൃത്രിമ തടാകമുണ്ടാക്കിയത്. പാര്‍ക്കില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയില്‍ 40 ഏക്കര്‍ ഭൂമിയില്‍ മലയിടിച്ച് കൃത്രിമതടാകം കെട്ടിയത്. വനവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ തടയണകെട്ടിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കളക്ടര്‍ ടി. ഭാസ്‌ക്കരന്‍ പണി തടഞ്ഞത്. എന്നാല്‍ ചെക് ഡാം പൊളിച്ചുമാറ്റാന്‍ ആവശ്യമായ സാങ്കേതിക സംവിധാനമില്ലെന്ന കാരണം പറഞ്ഞ് പൊതുമരാമത്ത് ഫയല്‍ വൈകിപ്പിക്കുകയായിരുന്നു.

നേരത്തേ പി. വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയോടെയാണ് പി. വി അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ പി. വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു.
