നിരാലംബരെ ചവിട്ടിത്താഴ്ത്തിയേ റോഡ് നിർമ്മിക്കൂ എന്ന വികസന വാദം അംഗീകരിക്കാനാവില്ല

  • Post category:news
  • Reading time:2 mins read
You are currently viewing നിരാലംബരെ ചവിട്ടിത്താഴ്ത്തിയേ റോഡ് നിർമ്മിക്കൂ എന്ന വികസന വാദം അംഗീകരിക്കാനാവില്ല

പി.ജെ ജെയിംസ്‌

30 മീറ്റർ വീതിയിൽ 6 വരി ദേശീയ പാത പണിയാമെന്നാണ് നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തേറ്റവുമധികം ജനസാന്ദ്രതയും ഇന്ത്യയിൽ ഏറ്റവുമധികം ഭൂമി വില ഉയർന്നു നിൽക്കുകയും ചെയ്യുന്ന കേരളത്തിൽ, ഈ ധാരണയുടെ അടിസ്ഥാനത്തിൽ, ദേശീയപാത നിർമ്മാണം മുന്നോട്ടു പോകുന്നതിന് 2013 മുതൽ കാര്യങ്ങൾ നീങ്ങിയപ്പോഴാണ്, 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വരുന്നതും ദേശീയ പാത വികസനത്തിനായി കേന്ദ്രം അനുവദിച്ച 174 കോടി രൂപ വേണ്ടെന്നു തീരുമാനിച്ചതും.

പിന്നീടുണ്ടായത്, മറ്റെല്ലാ മേഖലയിലും ഈ സർക്കാർ നടപ്പാക്കുന്ന നഗ്നമായ കോർപ്പറേറ്റ് പാദസേവ റോഡ് നിർമ്മാണത്തിലേക്കും ദ്രുതഗതിയിൽ വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ 3 ശതമാനം ജനങ്ങൾ 1 ശതമാനം ഭൂവിസ്തൃതിയിൽ കഴിയുന്നുവെന്നു മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം ഭൂകേന്ദ്രീകരണവും അതോടൊപ്പം ഏറ്റവുമധികം ഭൂരാഹിത്യവും നിലനിൽക്കുന്നുവെന്നതും കേരളത്തിന്‍റെ പ്രത്യേകതയാണ്. ഈ സന്ദർഭത്തിലാണ്, സംസ്ഥാനത്തിന്‍റെ റവന്യു ഭൂമിയുടെ 58 ശതമാനം നിയമലംഘകരായ ഹാരിസണും ടാറ്റയും മത ശക്തികളും ഉൾപ്പെടെ ഏകദേശം 200 നടുത്ത് വൻകിടക്കാരുടെ കയ്യിലിരിക്കുന്നതിന് കുടപിടിക്കുന്ന, ഭൂരഹിതർക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കാൻ ഒരു നടപടിയും എടുക്കാത്ത, ഇടതുമേനി നടിക്കുന്ന ഈ സർക്കാർ തന്നെ 45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിച്ച് വലിയൊരു വിഭാഗത്തെ വീണ്ടും തെരുവുതെണ്ടികളാക്കിയേ അടങ്ങൂ എന്ന വാശിയുമായി രംഗത്തു വന്നത്.

വികസനത്തിന്‍റെ പേരിൽ ഭൂമിയേറ്റെടുക്കപ്പെട്ട്, ആവാസവ്യവസ്ഥയിൽ നിന്നു പുറത്തായ രണ്ടേകാൽ കോടിയോളം ആളുകൾ ഇന്ത്യയിൽ ഇന്ന് പുറമ്പോക്കുകളിലും ചേരികളിലുമായി അടിഞ്ഞുകൂടിയിരിക്കുന്നു എന്ന വസ്തുത നാം കാണണം. നിലവിലുള്ള കോർപ്പറേറ്റ് – ഭൂമാഫിയ പ്രീണനനയങ്ങൾ തുടരുവോളം കേരളത്തിലും ഭൂമി നഷ്ടപ്പെടുന്ന ചില്ലറക്കച്ചടക്കാരും സാധാരണക്കാരും തെരുവുതെണ്ടികളായി തന്നെ കഴിയേണ്ടി വരും. ഭാഗ്യവാന്മാരായ മുഖ്യധാരാ വികസനവാദികൾക്ക് ഇതൊന്നും വിഷയമല്ല.

വാസ്തവത്തിൽ, റോഡ് നിർമ്മാണത്തിനു വേണ്ടി വരുന്നതിന്‍റെ പല മടങ്ങു തുക ഭൂമിയേറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരികയും ടോൾ അഥവാ ചുങ്കപ്പിരിവിന്‍റെ രൂപത്തിൽ ഇതു മുഴുവൻ ജനങ്ങൾ ചുമക്കേണ്ടി വരികയും ചെയ്യുന്ന അപ്രായോഗികവും സാമ്പത്തിക യുക്തിക്കു നിരക്കാത്തതുമായ ഈ ജനദ്രോഹപരിപാടി നവ ഉദാര സാമ്പത്തിക ഘട്ടത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കൊള്ളക്കാണ് വഴിതുറക്കുക. 3ഡി വിജ്ഞാപനപ്രകാരം ആവശ്യമായ ഭൂമി മുഴുവൻ ഏറ്റെടുത്തുവെന്ന് പിണറായി സർക്കാർ വീരവാദം മുഴക്കുന്ന കാസർകോട് ജില്ലയിൽ പകുതിയാളുകൾക്കു പോലും ഇതുവരെ നഷ്ടപരിഹാരം നൽകിട്ടില്ല.

ഇന്ത്യയിലെയും ലോകത്തെയും കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ അനുഭവങ്ങൾ കാണിക്കുന്നത് ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ സമ്പത്തു സമാഹരണത്തിൽ, പി.പി.പി / ബി.ഒ.ടി മാതൃകയിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ നിർമ്മാണ പദ്ധതികൾ നിർണായകമാണെന്നാണ്. അംബാനിയും അദാനിയും എസ്സാറും പോലുള്ള കോർപ്പറേറ്റ്- കള്ളപ്പണക്കുത്തകൾ തടിച്ചു വീർത്ത ഈ പ്രക്രിയയിൽ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ ഇതേ പദ്ധതികളുടെ പേരിലുള്ള കിട്ടാക്കടത്തിലൂടെ കോർപ്പറേറ്റുകൾ തകർത്തു കൊണ്ടിരിക്കുന്ന കാര്യം റിസർവ് ബാങ്ക് പോലും ചൂണ്ടിക്കാട്ടിയതാണ്.

കേരളത്തിന്‍റെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും സുസ്ഥിരമായ അതിജീവനത്തിനും തനതു സവിശേഷതകൾക്കും ഉതകും വിധം 30 മീറ്റർ വീതിയിൽ ദേശീയ പാത പണിയാതെ 45 മീറ്റർ വീതിൽ തന്നെ ജനങ്ങളുടെ ചുമലിൽ കെട്ടിയിറക്കുമെന്ന വെല്ലുവിളിയെ നേരിടാൻ ജനപക്ഷത്തു നിൽക്കുന്നവർ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. 30 മീറ്റർ വീതിയിൽ അരനൂറ്റാണ്ടിനു മുമ്പ് ഭൂമിയേറ്റെടുക്കലിനു വിധേയരായവർ പോലും ഇതുവരെ പുനരധിവസിക്കപ്പെട്ടിട്ടില്ല. കാവിക്കൊടി മാത്രമല്ല, ചെങ്കൊടിയുൾപ്പെടെ ഏതു കൊടി പിടിച്ചു കൊണ്ടും ജനാധിപത്യാവകാശങ്ങൾ അട്ടിമറിച്ച് കോർപ്പറേറ്റ് സേവ നടത്താമെന്നും ‘വികസന’ത്തിന്‍റെ മറവിൽ കൊടിയ ജനദ്രോഹം വിദഗ്ധമായി മാർക്കറ്റ് ചെയ്യാമെന്നും നാം തിരിച്ചറിയണം.

കോർപ്പറേറ്റ് സേവയുടെ മറവിൽ കേന്ദ്രത്തിലെ മോഡി ഭരണവും സംസ്ഥാനത്തെ പിണറായി ഭരണവും തമ്മിൽ നടക്കുന്ന ചക്കളത്തി പോരാട്ടമായ കെണിയിൽ പണിയെടുക്കുന്നവരും മർദ്ദിതരും വീഴരുത്. 30 മീറ്ററിൽ 6 വരി പാത പണിതാൽ എന്താണ് കുഴപ്പമെന്ന് വിശദീകരിക്കണം. പ്രത്യയശാസ്ത്രം നഷ്ട്ടപ്പെട്ടു പോയാൽ ചെങ്കൊടി പിടിക്കുന്നവൻ വർഗ്ഗ ശത്രു തന്നെയാണെന്നും അവനെതിരായ പോരാട്ടത്തിൽ നിന്ന് എത്ര വെല്ലുവിളി നേരിട്ടാലും പിറകോട്ട് പോകരുതെന്ന് കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, മനുഷ്യ പക്ഷത്തുനിൽക്കുന്നവരെല്ലാം തിരിച്ചറിയണം.

0Shares