നിരപരാധിയെ ജയിലിലടച്ച പോലിസ് ഉദ്യോഗസ്ഥനു കിട്ടിയത് എട്ടിന്റെ പണി; ചന്തേര എസ്.ഐ കെ.വി ഉമേശനെ സ്ഥലം മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing നിരപരാധിയെ ജയിലിലടച്ച പോലിസ് ഉദ്യോഗസ്ഥനു കിട്ടിയത് എട്ടിന്റെ പണി; ചന്തേര എസ്.ഐ കെ.വി ഉമേശനെ സ്ഥലം മാറ്റി

കാസര്‍കോട്: നിരപരാധിയായ യുവാവിനെ ജയിലിലടച്ച പോലിസ് ഉദ്യോഗസ്ഥനു കിട്ടിയത് എട്ടിന്റെ പണി. ചന്തേര എസ്ഐ കെ.വി ഉമേശനെ ബേക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. പീഡനക്കേസില്‍ പിടികൂടിയ പ്രതി നിരപരാധിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാസര്‍കോട് ജില്ലാ പോലിസ് ചീഫ് എസ്.ഐയെ സ്ഥലം മാറ്റിയത്. അതേസമയം ബേക്കല്‍ എസ്.ഐ വി.പി.വിപിനിനെ വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളരികുണ്ട് എസ്.ഐ യെ ചന്തേരയിലേക്കും മാറ്റി. കഴിഞ്ഞ നവംബര്‍ 24ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഓട്ടയോയില്‍ പിലിക്കോട് സ്വദേശിനിയായ യുവതിയെ യാത്രക്കിടേ പീഡന ശ്രമം നടത്തിയെന്നാണ് പരാതി. ഓട്ടോയാത്രക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി റോഡില്‍ വീണ് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചന്തേര എസ്.ഐയും സംഘവും നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്വാമിമുക്ക് സ്വദേശി ഷാനവാസിനെ(19) അറസ്റ്റു ചെയ്തിരുന്നു. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലായിരുന്നുവെന്നും കാട്ടി സഹോദരി റുബീന മനുഷ്യാവകാശ കമ്മീഷനും, ഉത്തരമേഖലാ ഐജിക്കും പരാതി നല്‍കിയിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡി.വൈ.എസ്.പി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ യുവാവ് നിരപരാധിയാണെന്നു റിപോര്‍ട്ട് സമര്‍പിച്ചിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ വിവാദമായതോടെ ജനങ്ങള്‍ക്കിടയില്‍ പോലിസിന്റെ പ്രതിഛായ്ക്ക് മങ്ങലേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ വിധേയനായ എസ്.ഐയുടെ സ്ഥലം മാറ്റം.

0Shares