നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവാണ് മരിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവാണ് മരിച്ചത്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവാണ് ഇയാള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. മൂസയുടെ രണ്ട് മക്കളായ സാബിത്തും സാലിഹും നിപ ബാധിച്ച് മരിച്ചിരുന്നു. മൂസയുടെ സഹോദരന്റെ ഭാര്യയും മരിച്ചിരുന്നു.മൂസ കൂടി മരിച്ചതോടെ നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി. നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ഒരാളെ കൂടി കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇവര്‍ക്ക് നിപ്പ ലക്ഷണങ്ങളുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പനി മൂലം പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു നിഗമനം. കൂടുതല്‍ കൃത്യതയ്ക്കായി രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.അതേസമയം നിപ വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നല്‍കി തുടങ്ങി. ഈ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനോടകം രണ്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നുമെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നാലായിരം ഗുളികകള്‍ കൂടി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ 13 പേര്‍ക്കാണ് സംസ്ഥാനത്ത് നിപ്പാ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും ഇതിനോടകം മരിച്ചു. രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ബുധനാഴ്ച്ച മാത്രം അഞ്ച് പേര്‍ നിപ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളും കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാളുമാണ് ചികിത്സ തേടിയത്. നിപാ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനും നാളെ വ്യക്തത വന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭോപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ച വവ്വാലുകളുടെ രക്തത്തിന്റെ പരിശോധനാഫലം നാളെ ലഭിക്കും.

0Shares