നിപ ആശങ്ക പൂര്‍ണമായും നീങ്ങി; നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തരുതെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing നിപ ആശങ്ക പൂര്‍ണമായും നീങ്ങി; നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തരുതെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ആശങ്ക പൂര്‍ണമായും നീങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ വൈറസിന്റെ വ്യാപനം അവസാനിച്ചു. കുറച്ച് നാള്‍ കൂടി നിരീക്ഷണം തുടരും. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ 12ാം തീയതി തന്നെ തുറക്കും. സമ്മേളനങ്ങള്‍ക്കുള്ള നിയന്ത്രണം ഈ മാസം അവസാനം വരെ തുടരുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. ഇത് വരെ ടെസ്റ്റ് ചെയ്തതില്‍ 317 കേസുകളുടെ റിസല്‍ട്ട് നെഗറ്റീവ് ആണ് രേഖപ്പെടുത്തിയത്. 18 കേസുകള്‍ മാത്രമാണ് പോസീറ്റീവായിരുന്നത്. നിപാ വൈറസ് നെഗറ്റീവ് ആയ നഴ്സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴായ്ചയും ആശുപത്രി വിടും. ഇവരെ ഇന്ന് സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ആദ്യ ഇന്‍ക്വിബിലേഷന്‍ പിരീഡ് അവസാനിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു.2649 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 1430 പേര്‍ മാത്രമാണ് ഉള്ളത്. ബാക്കി ഉള്ളവര്‍ക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ ഉള്ളവരെ ഒറ്റപ്പെടുത്തരുത്. നിപ വൈറസ് ബാധ തടയാന്‍ പരിശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ പ്രചരണം നടത്തിയ 23 പേരെ അറസ്റ്റ് ചെയ്തുവെന്നും കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് പുതിയ വൈറോളജി ലാബ് സ്ഥാപിക്കാനും തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും ലാബുകള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

0Shares