നാലുദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന് സംശയം; ബന്ധുവും അയൽക്കാരനും പോലീസ് കസ്റ്റഡിയിൽ; 15 കാരൻ്റെ ദുരൂഹമരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

  • Post category:news
  • Reading time:1 min read
You are currently viewing നാലുദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന് സംശയം; ബന്ധുവും അയൽക്കാരനും പോലീസ് കസ്റ്റഡിയിൽ; 15 കാരൻ്റെ ദുരൂഹമരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

ഉദുമ (കാസർകോട്): റെയിൽവേ ട്രാക്കിന് സമീപത്തെ ഓവുചാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ മൃതദേഹം കബറടക്കി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിൻ്റെ മകന്‍ മുഹമ്മദ് ജാസിറി(15) നെ നാലുദിവസം മുമ്പാണ് കാണാതായത്. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട ജാസിർ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ജാസിറിനെ കാണാതായത്. സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജാസിറിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. അന്ന് രാത്രി തന്നെ പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബേക്കല്‍ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് ബസ്സ് സ്റ്റോപ്പിന് സമീപത്തെ റെയിൽവേ ട്രാക്കിനടുത്തുള്ള ഓവുചാലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

ദുരൂഹമരണവുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകകാരണം വ്യക്തമായിട്ടില്ല. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് മാഫിയ ബന്ധമുള്ളവർ ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ കഞ്ചാവ് മാഫിയകൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുളള കളനാട്ടെ യുവാവിനെയും ജാസിറിൻ്റെ ബന്ധുവായ മാങ്ങാട്ടെ യുവാവിനെയും നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മൃതദേഹം കളനാട് റെയില്‍വേ പാളത്തിന് സമീപമുണ്ടെന്ന വിവരം ലഭിച്ചത് എന്നും പറയപ്പെടുന്നു. ജാസിറിൻ്റെ ഒരു ചെരുപ്പ് റെയില്‍ പാളത്തിലും, മറ്റൊന്ന് കുന്നിന്‍ മുകളിൽ നിന്നുമാണ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സംഭവ സ്ഥലത്ത് തടിച്ചുകൂടിയത്. വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാങ്ങാട് ചോയിച്ചിങ്കല്ലിലെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാന്‍ നിരവധി പേരാണ് എത്തിയത്. വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം മാങ്ങാട് ജുമാ മസ്ജിദിലും കീഴൂര്‍ ജുമാ മസ്ജിദിലും നടന്ന മയ്യിത്ത് നിസ്‌കാരത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കിയത്. സംഭവത്തിൽ പോലീസ് അന്വഷണം ഉർജ്ജിതമാക്കി.

0Shares