
കാസര്‍കോട്: നാട്ടുവൈദ്യത്തില്‍ സ്വീകാര്യനായിരിക്കുകയാണ് ബദിയടുക്ക പട്ടാജെയിലെ പി.കെ ശ്രീരാമഭട്ട്. പാരമ്പര്യമായി നാട്ടുവൈദ്യം ചെയ്തുവരുന്ന കുടുംബാംഗമായ ഇദ്ദേഹം വീട്ടില്‍ എത്തുന്ന പലര്‍ക്കും ആയുര്‍വേദിക് മരുന്നും പരമ്പരാഗത തനിനാട്ടു വൈദ്യവും ചെയ്തുവരുന്നു. കുറെ ഏറെപേര്‍ ചികിത്സക്കായി പട്ടാജെയിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. പ്രഗല്‍ഭനായ വൈദ്യര്‍ കൃഷ്‌നഭട്ടിന്റെ മകനാണ് അറുപതുകാരനായ ഇദ്ദേഹം. അച്ഛനും മുത്തച്ഛനും അവരുടെ അച്ഛനുള്‍പ്പെടെ മൂന്ന് തലമുറയും വൈദ്യന്മാരായിരുന്നു. അച്ഛന്‍ കൃഷ്ണഭട്ടില്‍ നിന്നുമാണ് ശ്രീരാമഭട്ട് ചികിത്സാരീതികളെക്കുറിച്ച് പഠിച്ചത്. പിന്നീട് നീണ്ട 25 വര്‍ഷം അച്ഛന്റെ സഹായിയായി കൂടെ നിന്നു. അച്ഛന്‍ കൃഷ്ണഭട്ടിന്റെ ഉപദേശവും ഗുരു കര്‍ണാടക ഹോസാനഗറിലെ രാഘവേശ്വരയുടെ അനുഗ്രഹവും ഇദ്ദേഹത്തിന് കരുത്ത് പകര്‍ന്നു. 12 വര്‍ഷം മുമ്പ് അച്ഛന്റെ മരണശേഷം ഈ ദൗത്യം ഇദ്ദേഹം ഏറ്റടുക്കുകയായിരുന്നു. തന്റെ അടുത്തെത്തുന്ന രോഗികള്‍ക്ക് ജോതിഷത്തോട് വിശ്വാസമുള്ളവരെങ്കില്‍ അത് നോക്കാനും നിര്‍ദേശിക്കുന്നു. കടുത്ത ദൈവവിശ്വാസിയാണ് ഈ വൈദ്യര്‍. ജ്യോതിഷപ്രകാരം വല്ല ബുദ്ധിമുട്ടും ഉണ്ടോ എന്നറിയാനാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്. രോഗികളെ ഇതിനായി നിര്‍ബന്ധിക്കാറില്ല.
സര്‍പ്പചുറ്റ്, ചുവന്ന വീക്കം, അലര്‍ജി, ചര്‍മ്മരോഗം, കുരു, സ്ഥാനവികം, വായ് പുണ്ണ്, ചൂടുപനി, തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സയാണ് ഇവിടെ ചെയ്തുവരുന്നത്. ചികിത്സയില്‍ പ്രധാനം വൈദ്യരുടെ ഉപദേശപ്രകാരമുള്ള ഭക്ഷണ ക്രമീകരണമാണ്. കൂടാതെ ശരീരത്തിലെ ചൂട് തടയുന്നതിന് വേണ്ടി ധാരാളം ഇളനീര്‍ കഴിക്കാനും പറയുന്നു. നാട്ടുവാദ്യമായതിനാല്‍ ഒട്ടുമിക്ക മരുന്നുകളും വിവിധ തരം വേരുകളാണ്. ഇത് കഴിക്കേണ്ട വിധവും, ശരീരഭാഗത്ത് തേക്കാനുള്ള മറ്റു മരുന്നുകളും ഇദ്ദേഹം നല്‍കുന്നു. ഇവിടെ ചികത്സതേടിയത്തുന്ന എല്ലാവര്‍ക്കും ഗുണം ലഭിക്കുന്നു എന്നാണ് വൈദ്യര്‍ അവകാശപ്പെടുന്നത്.

ആശുപത്രിയിലും മറ്റു ചിത്സതേടി സുഖം പ്രാപിക്കാത്ത പലരും പിന്നീട് വൈദ്യരുടെ ചികിത്സക്കായി എത്തുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ പ്രതേകത. ഇതിനകം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഡോ.പി.കെ എസ് ശര്‍മ്മ കാസര്‍കോട്, ഡോ. പി.കെ സൂര്യനാരായണ ബംഗളുരു, പ്രൊഫ. പി.കെ രാജഗോപാല്‍ ഉഡുപ്പി എന്നിവര്‍ സഹോദരങ്ങളാണ്. ചെര്‍ക്കള – ബദിയടുക്ക സംസ്ഥാന പാതയില്‍ ചെര്‍ളടുക്കയില്‍ നിന്നും രണ്ടുകിലോമീറ്ററാണ് പട്ടാജെ വൈദ്യരുടെ വീട്ടിലേക്കുള്ള വഴി. കൂടുതല്‍ വിവരങ്ങള്‍ക്കായി 04998 284328, 8547584328 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
