
മുള്ളേരിയ(കാസർകോട്): കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ച സംഭവം നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കാസർകോട്ടെ ആദൂര്‍ കുണ്ടാറിലെ സാജിദ് (27) ണ് ബുധനാഴ്ച വൈകിട്ടോടെ മുള്ളേരിയക്കടുത്തുണ്ടായ അപകടത്തിൽ പെട്ട് ദാരുണമായി മരിച്ചത്. മുള്ളേരിയയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് സാജിദും സുഹൃത്തും മാരുതി 800 കാറിൽ യാത്ര ചെയ്യുമ്പോഴാണ് കാറിന് മുകളിൽ മരം വീണ് അപകടമുണ്ടായത്.

രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടവർ ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സാജിദിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സാജിദിന്‍റെ സുഹൃത്ത് സഫറു മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരം മുറിച്ചുമാറ്റാൻ മണിക്കൂറുകൾ വേണ്ടിവന്നതിനാൽ ഇരുവരും കാറിനകത്ത് കുടുങ്ങികുടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാസർകോട്ടുനിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തുന്നതിനുമുമ്പു തന്നെ നാട്ടുകാർ ജെ.സി.ബിയുടെ സഹായത്താൽ മരം മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
ആദൂര്‍ കുണ്ടാറിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച സാജിദ്. ലോറി ഡ്രൈവറാണ്. നാലു മാസം മുന്‍പാണ് സാജിദിന്‍റെ നിക്കാഹ് നടന്നത്. വിവാഹ സൽക്കാരവും വധുവിനെ കൂട്ടിക്കൊണ്ടുവരലും അടുത്താഴ്‌ച്ച നടക്കാനിരിക്കെയാണ് ദാരുണമായ ഈ മരണ വാർത്ത അറിഞ്ഞതെന്ന് നാട്ടുകാർ വേദനയോടെ പറഞ്ഞു. അതേസമയം ഈ ഭാഗങ്ങളിൽ റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം പല തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നതായും എന്നാൽ യാതൊരു നടപടിയും അവർ സ്വീകരിച്ചില്ല എന്നും നാട്ടുകാർ ആരോപിച്ചു.
