നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമായി; കാര്‍ പഞ്ഞുകയറി പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആല്‍ഫി മാര്‍ട്ടിന്‍ മരണത്തിന് കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമായി; കാര്‍ പഞ്ഞുകയറി പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആല്‍ഫി മാര്‍ട്ടിന്‍ മരണത്തിന് കീഴടങ്ങി

ബന്തടുക്ക(കാസര്‍കോട്): ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കരിവേടകം ആലുങ്കലിലെ മാര്‍ട്ടിന്‍- മിനി ദമ്പതികളുടെ മകളായ ആല്‍ഫി മാര്‍ട്ടിനാണ് (17) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മംഗളൂരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരിയണ്ണിയില്‍ ബസ് കയറാന്‍ കാത്തുനില്‍ക്കവേയാണ് അപകടം നടന്നത്. ഇരിയണ്ണി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ആല്‍ഫി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഇതേ തുടര്‍ന്ന് തലയിടിച്ചുവീണ് ആല്‍ഫി മൂന്നുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ഈ പെണ്‍കുട്ടിയെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കിയിരുന്നു. ആല്‍ഫിയുടെ ജീവന് വേണ്ടി ഉറ്റവരും നാട്ടുകാരും സഹപാഠികളുമെല്ലാം കണ്ണീരും പ്രാര്‍ത്ഥനകളുമായി കഴിയുകയായിരുന്നു.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു.വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്താന്‍ ലക്ഷക്കണക്കിന് രൂപ പിരിവെടുത്ത് ശേഖരിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. ആല്‍ഫിക്കൊപ്പം കരിവേടകത്തെ അന്‍സില റോസ് തോമസ്(16) എന്ന വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ബെള്ളിപ്പാടിയിലെ അഹ് മദിനെ (48) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആല്‍ഫിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ഇരിയണ്ണി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ചു. വൈകീട്ടോടെ കരിവേടകം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വൈകുന്നേരം സംസ്‌കാരം നടന്നു. സമൂഹത്തിന്റെ നാനാതുറയില്‍പെട്ട ആളുകളും സഹപാഠികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ സ്‌കൂളിലും ആല്‍ഫിയുടെ വീട്ടിലുമെത്തി. സഹോദരങ്ങള്‍: അനുഷ, അഗസ്റ്റിന്‍ (ഇരുവരും കരിവേടകം സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

0Shares