
കാസര്‍കോട്: പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്വിമയെ കാണാതായ സംഭവത്തില്‍ ദേശീയ ഭൗമശാസ്ത്ര കേന്ദ്ര വിദഗ്ധര്‍ നടത്തിയ തിരച്ചിലും ഒടുവില്‍ വിഫലമായി. നാലുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ ദേശീയ ഭൗമശാസ്ത്ര കേന്ദ്രം തിരുവനന്തപുരം യൂനിറ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനെത്തിയത്. സംഘം ഓവുചാലില്‍ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ പുഷ് ക്യാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. മോണിറ്ററില്‍ ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് സമീപത്തെ പുഴയില്‍ അഞ്ചുകിലോമീറ്റോളം സഞ്ചരിച്ച് പരിശോധന നടത്തിയെങ്കിലും പുഴയില്‍ കലക്കുവെള്ളമായതിനാല്‍ ഒന്നും കണ്ടെത്താനാവതെ തിരിച്ചുവരേണ്ടി വന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തുന്ന സംഘം വീണ്ടം ശേഖരിച്ച ചിത്രങ്ങള്‍ പരിശോധിക്കും. ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സുരേഷ്, എല്‍ദോസ്, ശരത്കുമാര്‍ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. അന്വേഷണത്തിന് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘവും പരിശോധനയ്‌ക്കെത്തിയിരുന്നു. കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞാങ്ങാട് യൂനിറ്റിലെ ഫയര്‍ഫോസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അംഗണ്‍വാടിയില്‍ നിന്നെത്തിയ സന ഫാത്തിമയെ വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. വീടിന് സമീപത്തുള്ള ചെറിയ തോട് പൈപ്പുലൈനുകള്‍ വഴി പുഴയുമായി ബന്ധിപ്പിച്ചിട്ടാണുള്ളത്. തോട്ടിലെ മീനുകളെ നോക്കി നില്‍ക്കെ കാല്‍ വഴുതി വീണതാകുമെന്നാണ് സംശയിക്കുന്നത്. സനയുടെ ചെരിപ്പും കുടയും തോടിനടുത്തായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നും സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
