കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ പേരില്‍ സംഭവിക്കുന്ന കഷ്ട നഷ്ടങ്ങള്‍ക്കെതിരെ കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ ധര്‍ണാ സമരം നടത്തി. ദേശീയ പാതാ വികസനത്തില്‍ കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തുക, കട നഷ്ടപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, ഷിഫ്റ്റിംഗ് ചാര്‍ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുക, വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കോ മക്കള്‍ക്കോ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവണ്‍മെന്റ് സര്‍വീസുകളില്‍ ജോലി അനുവദിക്കുക, വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും തൊഴില്‍ സംരക്ഷണവും ഉറപ്പ് വരുത്തുക, സിപിസിആര്‍ഐ ചൗക്കി മുതല്‍ വിദ്യാനഗര്‍ വരെ ബൈപാസ് നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുക, സ്ഥലം ഏറ്റെടുത്തതിന് ശേഷം അവശേഷിക്കുന്ന സ്ഥലത്ത് മാനദണ്ഡമില്ലാതെ കടകള്‍ പണിയുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ ധര്‍ണ നടത്തിയത്.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലുവരെ പിലിക്കോട്, നീലേശ്വരം, മാവുങ്കാല്‍, പുല്ലൂര്‍, പൊയിനാച്ചി, ചട്ടഞ്ചാല്‍, ചെര്‍ക്കള, നായന്‍മാര്‍മൂല, കാസര്‍കോട്, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ 13 യൂണിറ്റുകളില്‍ ധര്‍ണ സമരം നടന്നു. കട നഷ്ടമാകുന്ന ഉടമയും കുടുംബാംഗങ്ങളും, തൊഴിലാളികളും, യൂണിറ്റുകളിലെ പ്രവര്‍ത്തകരും ധര്‍ണാസമരത്തില്‍ പങ്കെടുത്തു.
കാസര്‍കോട്ട് നടന്ന ധര്‍ണാ സമരം ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷനായി. നാഗേഷ് ഷെട്ടി, ദിനേശ്, കബീര്‍ നവരത്‌ന, ശശീധരന്‍, ചന്ദ്രാമണി തുടങ്ങിയവര്‍ സംസാരിച്ചു. ചെര്‍ക്കളയില്‍ നടന്ന സമരം സംസ്ഥാന കമ്മിറ്റിയേറ്റംഗം എ.എ അസീസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ബി.എം ഷെരീഫ് അധ്യക്ഷനായി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും സമരത്തില്‍ സംബന്ധിച്ചു.
ദേശീയപാതാവികസനം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളും കുടുംബാംഗങ്ങളും ധര്‍ണാ സമരം നടത്തി