
കാസര്‍കോടെ ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്കെതിരെ എം. പി രാജ്മോഹൻ ഉണ്ണിത്താന് ഇന്ന് ആരംഭിച്ച നിരാഹാര സമരം തുടരുന്നു. പാതയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ ഒരു സമയം പറഞ്ഞിട്ടും അതിനുള്ളില്‍ നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരം നടത്തുന്നത്. കാസര്‍കോട് ജില്ലയുടെ അതിർത്തിയായ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ നിരാഹാര സമരം ആരംഭിച്ചത്.

ഇന്നാരംഭിച്ച സമരം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍ സൂചനാ സമരമെന്ന രീതിയിലാണ്24 മണിക്കൂർ നിരാഹാരമിരിക്കുക. ഈ സമരത്തിന് ശേഷവും നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നാലുവരി പാതയായി മാറുന്നതിനാലാണ് വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണികൾ നടത്താതിരുന്നത്.
പക്ഷെ മഴക്കാലത്ത് റോഡ് പൂർണമായും തകർന്നതോടെ മഴ മാറിയാൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണ് ദേശീയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നിരാഹര സമരവുമായി എം. പി മുന്നോട്ട് വന്നത്. ഏകദിന നിരാഹാര സമരത്തിന്റെ സമാപനം നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
