
കാസര്‍കോട്: മാനേജ് മെന്റിന്റെ കടുത്ത തൊഴില്‍ ചൂഷണവും ലൈംഗീക ചൂഷണവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ നിയമപ്രകാരം നല്‍കേണ്ട യാതൊരു ആനുകൂല്യവും നിഷേധിക്കപ്പെടുകയാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ് സ്വകാര്യമേഖലയിലെ നഴ്സുമാരെന്ന് ഇന്ത്യന്‍ നഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടു. മാസം 17 ദിവസം വരെ തുടര്‍ച്ചയായി 15 മണിക്കൂര്‍ ജോലിചെയ്യേണ്ട സ്ഥിതിയാണ് മിക്ക ആശുപത്രിയിലും. മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി ആവശ്യപ്പെട്ടിട്ടും ഒരാശുപത്രി മാത്രമാണ് തയ്യാറായത്. സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട മിനിമം വേതനം, ഇ.എസ്.ഐ, പി.എഫ്, പി.എച്ച്, മെറ്റര്‍നിറ്റി ലീവ് തുടങ്ങിയവ പലര്‍ക്കും നിഷേധിക്കുകയാണ്. സ്ഥാപനത്തിലെ അപ്പോയിന്‍മെന്റ് ലെറ്റര്‍ ആര്‍ക്കും നല്‍കുന്നില്ല. വുമണ്‍സ് ഗ്രീവിയന്‍സ് സെല്‍ രൂപീകരിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗീക ചൂഷണ ശ്രമവും കാബിനില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ലൈംഗീക ചുവയോടെയുള്ള സംസാരവും പലസ്ഥാപനങ്ങളിലും വര്‍ധിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു.
ബാങ്ക് വഴി ശമ്പളം നല്‍കി പിന്നീട് അടുത്ത ദിവസം 5000 രൂപ തിരികെ വാങ്ങിക്കുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. രോഗി നഴ്സ് അനുപാതം പല ആശുപത്രികളും പാലിക്കുന്നില്ല. ഇത് കാരണം രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും നഷ്ടമാകുന്നു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചും മൂന്നു ഷിഫ്റ്റ് ഉടനടി ആരംഭിക്കണമെന്നാവശ്യപ്പെട്ടും ഐ.എന്‍.എയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ, പ്രിന്‍സ് മാത്യു, നിഖില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.