തൊഴിലുറപ്പ് പദ്ധതികളെല്ലാം ഇനി ജിയോ ഇന്‍ഫോമാറ്റിക്‌സ് സിസ്റ്റം വഴി; വിവരശേഖരണം ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിലുറപ്പ് പദ്ധതികളെല്ലാം ഇനി ജിയോ ഇന്‍ഫോമാറ്റിക്‌സ് സിസ്റ്റം വഴി; വിവരശേഖരണം ആരംഭിക്കും

കാസർകോട്: പരപ്പ ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവര്‍ത്തികളും ജിയോ ഇന്‍ഫോമാറ്റിക്‌സ് സിസ്റ്റം (ജി. ഐ. എസ് ) സംവിധാനത്തില്‍ കൊണ്ടുവരുന്നതിന് വിവരശേഖരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലാണ് ജി. ഐ. എസ് സംവിധാനം ഏര്‍പ്പെടുത്തുക.

പഞ്ചായത്തിലെ എല്ലാ വീടുകളിലെയും വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ സ്മാര്‍ട്ട് ഫോണില്‍ ശേഖരിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും. പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ കഴിയുന്ന ഭൂമി കൃത്യമായി കണ്ടെത്തി പ്രവൃത്തികളെ സംബന്ധിച്ച വിവര ശേഖരണമാണ് ജി. ഐ. എസ് വഴി നടത്തുന്നത്. അര്‍ഹതയുള്ള ഓരോ കുടുംബത്തിനും തൊഴിലുറപ്പ് പദ്ധതിയില്‍ ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നല്‍കുക എന്നതാണ് വിവരശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്.

കിണര്‍ നിര്‍മ്മാണം, തൊഴുത്തു നിര്‍മ്മാണം തുടങ്ങി തൊഴിലുറപ്പ് പദ്ധതിയിലെ എല്ലാ പ്രവര്‍ത്തികളും ഇനിമുതല്‍ ജി. ഐ. എസ് വഴിയാണ് നടപ്പാക്കുക. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രോജക്ട് നിര്‍ദേശങ്ങളാണ് ഇപ്രകാരം ശേഖരിക്കുന്നത്. ആന്‍ഡ്രോയിഡ് ആപ്പ് വിവരം ഉപയോഗിച്ച് ലാന്‍ഡ് യൂസ് ബോര്‍ഡിന്‍റെ സഹായത്തോടെയാണ് പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കുക.

0Shares