
ലോക്സഭാ തെരഞ്ഞെടുപ്പ്പരാജയത്തിൽ ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് രാവിലെ നടത്തിയ കോടിയേരിയുടെ പ്രസ്താവനക്കെതിരെ സണ്ണിഎം കപ്പിക്കാട് അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സമൂഹത്തില്‍ പല തട്ടില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും നിലപാട് ആവര്‍ത്തിക്കുകയാണ് കോടിയേരി.
സി.പി.എം കേരളയുടെ ഫേസ്ബുക്ക് സംവാദത്തിനിടെ ഉയര്‍ന്ന ചോദ്യത്തിലും കോടിയേരി നിലപാട് ആവര്‍ത്തിച്ചു. ശബരിമല വിഷയത്തിലെ നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുത്തുമോയെന്നും അങ്ങനെ തിരുത്തിയാല്‍ അത് പാര്‍ട്ടിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാകില്ലേ എന്നായിരുന്നു ചോദ്യം.

‘ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വിധി നടപ്പിലാക്കുകയാണ് പ്രായോഗികമായി ചെയ്യാനുള്ളത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ ദേശീയതലത്തില്‍ സി.പി.എമ്മിനൊപ്പം ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് കക്ഷികള്‍ നിലപാട് മാറ്റി.
കേരളത്തില്‍ രാഷ്ട്രീയ സമരം തുടങ്ങാനുള്ള അവസരം ലഭിച്ചെന്ന് കണ്ട് ഒരു പുതിയ സമരത്തിന് തുടക്കം കുറിച്ചു. അത് ഒരു വിഭാഗം ജനങ്ങളെ തെറ്റിധരിപ്പിട്ടിട്ടുണ്ടെന്ന് പിന്നീടുള്ള അനുഭവത്തില്‍ നിന്നും മനസിലായി. ഇടതുപക്ഷത്തോട് താല്‍പ്പര്യമുള്ള വിശ്വാസികളില്‍ ചിലരെയെങ്കിലും അത് തെറ്റിധാരണക്ക് വിധേയമാക്കിയെന്നാണ് മനസിലാകുന്നു. ചിലര്‍ പറയുന്നത് സര്‍ക്കാരിന്‍റെ നിലപാടില്‍ അമര്‍ഷമുണ്ടായിരുന്നു. അതു കൊണ്ട് ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ലെന്നാണ്. മറ്റൊരു വിഭാഗം ജനങ്ങള്‍, ശബരിമല സംബന്ധിച്ച നിലപാടില്‍ ഗവണ്‍മെന്‍റിന് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും പക്ഷേ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.
