
കോഴിക്കോട്: ലോകസഭാതെരഞ്ഞെടുപ്പില്‍ കാസര്‍കോട്, പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി. ശബരമലയും നവോത്ഥാനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതിരുന്നതും ദോഷം ചെയ്‌തെന്നും സി.പി.എം സംസ്ഥാന സമിതിയില്‍ ഇന്ന് കുറ്റപ്പെടുത്തലുണ്ടായി. പ്രചരണ സമയത്ത് ഈ വിഷയങ്ങളില്‍ നിശബ്ദത പാലിച്ചത് ഒളിച്ചോടിയെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.
തെരഞ്ഞെടുപ്പില്‍ ഇടതുവോട്ട് ബി.ജെ.പിയിലേക്ക് വരെ ചോര്‍ന്നെന്നാണ് ഇന്നലെ യോഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ ശക്തികേന്ദ്രങ്ങളിലെ തോല്‍വി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ശബരി മല വിധി നടപ്പാക്കിയതില്‍ ജാഗ്രതക്കുറവുണ്ടായതായും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യം ബി.ജെ.പി മുതലെടുത്തു, ബി.ജെ.പിയുടെ വളര്‍ച്ച ഗുരുതരമായി കാണണമെന്നും സമിതി വിലയിരുത്തി.

അതേസമയം, വിധി നടപ്പാക്കിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് വിലയിരുത്തുമ്പോഴും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റേണ്ടതിലില്ലെന്നും സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. ഇനി നിലപാട് മാറ്റിയാല്‍ സംഘടനാ തലത്തില്‍ തിരിച്ചടി ഉണ്ടാവുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിലപാട് വ്യക്തമാക്കണെമന്നും സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സി.പി.എമ്മിന്‍റെ റിപ്പോര്‍ട്ടില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ശബരിമല വിഷയത്തെ കാര്യമായി പരാമര്‍ശിക്കാതെ കടന്ന് പോയത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടിയേരി ഇന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.
