
കോഴിക്കോട്: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ വിധിയോടെ പെരുമാറിയെന്ന് ബി.ജെ.പി
സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

സുരേഷ് ഗോപി കുറ്റക്കാരനാണ് എന്ന് ഇപ്പോള്‍ തന്നെ വിധിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹത്തിന് ഇനി എങ്ങനെ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കിയാല്‍ സ്വീകരിക്കേണ്ടയാളാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. അദ്ദേഹം ഇപ്പോള്‍ തന്നെ സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ശബരിമല വിഷയം ഇനിയും ബി.ജെ.പി പ്രചാരണത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞു. അതേസമയം, അയ്യപ്പന്‍റെ പേരില്‍ സുരേഷ് ഗോപി വോട്ടു ചോദിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
എന്നാല്‍ താന്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘ഇഷ്ടദേവന്‍റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്. ഇത് എന്തൊരു ജനാധിപത്യമാണ്? അയ്യന്‍റെ അര്‍ത്ഥം എന്താണെന്നു പരിശോധിക്കൂ.’- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.
