
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ നിന്നും വന്ന കോളിലൂടെ വധിക്കുമെന്ന ഭീഷണി ജയരാജന്‍റെ ഫോണിലേക്ക് എത്തിയത്. വ്യാഴാഴ്ച ദിവസം ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വധിക്കുമെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍ ഷംസീര്‍, വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ കോളിന്‍റെ വിശദാംശം സംബന്ധിച്ച് സൈബര്‍ സെല്ലാണ് അന്വേഷിക്കുന്നത്.
