
തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും 24 മണിക്കൂറിനിടെ കാണാതായത് എട്ട് പെണ്‍കുട്ടികളെ. കാണാതായ ഭൂരിഭാഗം പെണ്‍കുട്ടികളും കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ചാലക്കുടി, പുതുക്കാട്, മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്‌റ്റേഷനുകളിലായി സമാനമായ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് പോലീസ് ആശയക്കുഴപ്പത്തിലായത്.

എന്നാല്‍ പെണ്‍കുട്ടികളെ കണ്ടെത്തിയതോടെ ആശങ്ക നീങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഏഴ് പെണ്‍കുട്ടികളും പോയതെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്‌നങ്ങള്‍ മൂലം വീട് വിട്ടുപോയതാണ്.
മറ്റ് ഏഴ് കേസുകളിലും പ്രണയമായിരുന്നു വീട് ഉപേക്ഷിക്കാന്‍ കാരണം. ചാലക്കുടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പെണ്‍കുട്ടി അയല്‍വാസിക്കൊപ്പമാണ് പോയത്. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതാവുന്ന സംഭവം വര്‍ദ്ധിക്കുകയാണെന്ന് പോലീസ് പറയുന്നു. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.
