നീലേശ്വരം(കാസർകോട്): മലബാറിലെ തീയ്യസമുദായത്തെ സർക്കാർ രേഖകളിൽ നിർബന്ധിതമായി ഈഴവയായി ജാതിപരിവർത്തനം ചെയ്യുന്നുവെന്ന് തീയ്യക്ഷേമസഭ ഫെബ്രുവരി മൂന്നിന് നീലേശ്വരത്ത് നടന്ന സംഘടനാ രൂപീകരണയോഗത്തിൽ വിലയിരുത്തി. തിരുവിതാംകൂറിലെ ഈഴവരുമായി സാമൂഹികമായോ സാംസ്കാരികപരമായോ ആചാരാനുഷ്ഠാനങ്ങളിലോ ബന്ധമില്ലാത്ത മലബാറിലെ തീയ്യരെ സർക്കാർ രേഖകളിൽ ഈഴവരുടെ കൂടെ ഒന്നിച്ച് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ തീയ്യസമുദായത്തിന് സംവരണം ഭീമമായി നഷ്ടപ്പെടുന്നുവെന്നും തീയ്യക്ഷേമസഭ വിലയിരുത്തി.
മലബാറിലെ തീയ്യസമുദായത്തിന് പബ്ലിക് സർവ്വീസിൽ 7% റിസർവ്വേഷൻ സ്വതന്ത്രമായി നൽകണമെന്നും സർക്കാരിൻ്റെ ഒ.ബി.സി ലിസ്റ്റിൽ തീയ്യസമുദായത്തെ സ്വതന്ത്രമായി രേഖപ്പെടുത്തണമെന്നും തീയ്യക്ഷേമസഭ ആവശ്യപ്പെട്ടു. വിവിധ തീയ്യസമുദായ സംഘടനകളുമായി യോജിച്ച് വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തി പരിഹാരം നേടണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വോയ്‌സ് ഓഫ് തീയ്യയുടെ താൽക്കാലിക കമ്മിറ്റിയായ ടി.വൈ.ഡബ്ല്യൂ.എം നേതൃത്വത്തിലാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.
യോഗത്തിൽ ശ്രീരാജ് പാലക്കാട്ട് സ്വാഗതം പറഞ്ഞു, രതീഷ് ബാബു എ.കെ അദ്ധ്യക്ഷനായി. കുമാരൻ മാണിമൂല, മധുസൂധനൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. സൂരജ് യു.കെ നന്ദി പറഞ്ഞു. ഭാരവാഹികൾ: ചെയർമ്മാൻ രതീഷ് ബാബു എ.കെ, വർക്കിംഗ് ചെയർമാൻ സുകേഷ്, വൈസ്.ചെയർമാൻ സൂരജ് തലക്കോടൻ, ജനറൽ കൺവീനർ വിനോദ് തുരുത്തി ,കൺവീനർ കുമാരൻ മാണിമൂല ജോയന്റ് കൺവീനർ എം.വി ചന്ദ്രൻ പാലക്കാട്ട്, ട്രഷറർ ശ്രീരാജ് പാലക്കാട്ട് ഉപദേശക സമിതി അംഗങ്ങളായി കൃഷണൻ തുരുത്തി, മധു കുറ്റിക്കോൽ എന്നിവർ അടങ്ങുന്ന 20 അംഗ കമ്മിറ്റി രൂപീകരിച്ചു.
തീയ്യരെ ജാതിപരിവർത്തനം ചെയ്യുന്നുവെന്ന് തീയ്യക്ഷേമസഭ; ഈഴവരുമായി ബന്ധമില്ലാത്ത തീയ്യരെ സർക്കാർ രേഖകളിൽ ഈഴവരുടെ ഒന്നിച്ച് രേഖപ്പെടുത്തി അവഗണിക്കുന്നു