തിരൂർ മുതൽ തിരുവനന്തപുരം വരെ മാത്രം ഭൂമി ഏറ്റെടുക്കല്‍; കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതിയുടെ സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍

  • Post category:news
  • Reading time:1 min read
You are currently viewing തിരൂർ മുതൽ തിരുവനന്തപുരം വരെ മാത്രം ഭൂമി ഏറ്റെടുക്കല്‍; കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതിയുടെ സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍

തിരുവനന്തപുരം: കാസർകോട‌് മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ ഇടനാഴി (സെമി ഹൈസ്പീഡ‌് റെയിൽ കോറിഡോർ) പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട‌് സർക്കാർ തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി മന്ത്രിസഭാ അംഗീകാരത്തോടെ ഉടൻ കേന്ദ്രത്തിന‌് സമർപ്പിക്കും.

കാസർകോട‌് മുതൽ തിരൂർ വരെയുള്ള 222 കിലോമീറ്റർ നിലവിലെ റെയിൽപാതയോട‌് പൂർണമായും ചേർന്നുതന്നെയാകും. തിരൂർ മുതൽ തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്ററിലാണ‌് ഭൂമി ഏറ്റെടുക്കേണ്ടിവരിക. 10 സ‌്റ്റോപ്പുകളുണ്ടാകും. മറ്റു സ‌്റ്റേഷനുകളിലെ യാത്രക്കാർക്ക‌് അതിവേഗ ട്രെയിനിൽ കയറാനായി അതിവേഗ ട്രെയിനിന്‍റെ രണ്ട‌് സ‌്റ്റോപ്പുകൾക്കിടയിൽ ലോക്കൽ സ‌്റ്റേഷനുകളിൽ നിർത്തുന്ന ഇതേ വേഗമുള്ള ചെറു ട്രെയിനുകളും സർവീസ‌് നടത്തും.

56,000 കോടി രൂപയാണ‌് പ്രതീക്ഷിക്കുന്ന ചെലവ‌്. റിപ്പോർട്ട‌് മന്ത്രിസഭ അംഗീകരിച്ചശേഷം ഡി.പി.ആറിനുള്ള സർവേ നടപടി ആരംഭിക്കും. കുടിയൊഴിപ്പിക്കൽ പരമാവധി ഒഴിവാക്കി ജനങ്ങൾക്ക‌് കൂടുതൽ ഉപകാരപ്രദമാകുംവിധം 2020ൽ പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ‌് ലക്ഷ്യമിടുന്നത‌്. നാല‌് മണിക്കൂർ കൊണ്ട‌് കാസർകോട്ടുനിന്ന‌് തിരുവനന്തപുരത്ത‌് എത്താവുന്ന ഇടനാഴിക്കായി കേരള റെയിൽ ഡെവലപ‌്മെന്റ‌് കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) മേൽനോട്ടത്തിൽ സിസ‌്ട്ര കമ്പനിയാണ‌് പഠനം നടത്തിയത‌്. 140 മുതൽ 170 വരെ കിലോമീറ്റർ വേഗത്തിൽ സർവീസ‌് നടത്താവുന്ന പദ്ധതിക്കായി റിപ്പോർട്ട‌് നേരത്തെ തയ്യാറായിരുന്നു.

എന്നാൽ, നിലവിലെ റെയിൽപാളങ്ങളോടുചേർന്ന‌് ഭൂമി ഏറ്റെടുക്കൽ പരമാവധി കുറച്ചും ആളുകളെ ഒഴിപ്പിക്കാതെയും പദ്ധതി യാഥാർഥ്യമാക്കാനാകുമോ എന്നുകൂടി പരിശോധിക്കാൻ മന്ത്രി ജി. സുധാകരൻ കെ.ആർ.ഡി.സി.എല്ലിനോട‌് നിർദേശിച്ചിരുന്നു. ആദ്യ റിപ്പോർട്ടിലെ അലൈൻമെന്റിൽ ചില മാറ്റം വരുത്തി രണ്ടു സാധ്യതകൾകൂടി കെ.ആർ.ഡി.സി.എൽ സമർപ്പിച്ചു.

0Shares