താപനില 3 ഡിഗ്രിവരെ കൂടും; സംസ്ഥാനത്ത് സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing താപനില 3 ഡിഗ്രിവരെ കൂടും; സംസ്ഥാനത്ത് സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം:കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് (എപ്രില്‍ 5) ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

*രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.

*നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക.

*രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

*പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.

*അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

*കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

*അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം.

*അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

*പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം.

*തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് തൊഴില്‍ദാതാക്കള്‍ പാലിക്കണം.

*മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

*തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം
തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത.

0Shares